നിസ്വജനങ്ങള്ക്ക് ആരാധിക്കാന്‍ ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്
1396346
Thursday, February 29, 2024 5:36 AM IST
വെള്ളറട: സാമൂഹ്യ ബന്ധങ്ങളെ ദൂര വ്യാപകമാംവിധം അഴിച്ചു പണിയുന്നതിന്റെ പ്രാരംഭം കുറിക്കലായിരുന്നു അരുവിപ്പുറം ശിലാ പ്രതിഷ്ഠയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അരുവിപ്പുറം മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച 136-ാമത് അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
1888 ലെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹത് സംഭവമാണ്. ക്ഷേത്രം സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യ സൂക്ഷിപ്പായിരുന്ന ഒരു ഘട്ടമായിരുന്നു അത്. ദൈവം അവര്‍ക്കു മാത്രം ആരാധിക്കുന്ന സങ്കല്പമായിരുന്ന കാലത്ത് ഇവരണ്ടും ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ധീരമായ പ്രഖ്യാപനമാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു നടത്തിയത്.
നിസ്വജനങ്ങള്ക്ക് ആരാധിക്കാന്‍ ഗുരു വിഗ്രഹം പ്രതിഷ്ഠിച്ചു. അവിടം തന്നെ ക്ഷേത്രമായി പ്രഖ്യാപിച്ചു. ആക്ഷേത്രത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ഞങ്ങളുടെ സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച ഉജ്ജ്വലമായ ഒരു ഏടായി അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ത്വനന്ദ സ്വാഗതം അര്‍പ്പിച്ചു.
ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി ബ്രഹ്മശ്രീ ശുഭാഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി . ചീഫ് എഡിറ്റര്‍ ദീപു രവി, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, പി.കെ.കൃഷ്ണദാസ്, കെ.ബി.മോഹന്‍ദാസ്, കെ .മധുപാല്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു എന്നിവര്‍ പ്രസംഗിച്ചു.