കാൻവാസുകളിൽ സംവിധായക സ്പർശം...
1396341
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: ആകാശത്ത് ഇടയ്ക്കെപ്പോഴെങ്കിലും മിന്നൽപ്പിണർ തെളിയുംപോലെയാണ് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചുണ്ടിൽ ഒരു ചിരി വിടരുക. ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ ശ്യാം ഗോപാലാചാരി തന്റെ പോർട്രെയിറ്റ് പെയിന്റിംഗ് പ്രദർശനത്തിനെ കുറിച്ച് പറയുവാൻ അടൂരിന്റെ വസതിയിലെത്തുന്പോഴും സ്വതസിദ്ധമായ ഗൗരവഭാവമായിരുന്നു അടൂരിന്റെ മുഖത്ത്... സംസാരത്തിനിടയിൽ എപ്പോഴോ ഒരു ചെറുചിരി അടൂരിന്റെ മുഖത്ത് കണ്ടു. അടൂരിന്റെ ആ ചിരി ചിത്രകാരന്റെ ഹൃദയത്തിലെ കാൻവാസിലേക്കു പടരുകയായിരുന്നു.
മലയാള സിനിമാ ലോകത്തെ ലോക നെറുകയിലെത്തിച്ച അടൂർ ഗോപാലകൃഷ് ണന്റെ പോർട്രെയിറ്റ് വരയ്ക്കുന്പോൾ ഈ മനോഹരമായ ചിരിയും കൂടി ചിത്രകാരൻ ചാലിച്ച് ചേർക്കുകയായിരുന്നു.
ശ്യാം ഗോപാലാചാരി വരച്ച 30 അതുല്യ സംവിധായകരുടെ ഛായാചിത്രങ്ങളുടെ പ്രദർശനം അപൂർവ കാഴ്ച ഒരുക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ ആർട്ട് ഗാലറിയിലാണ് ലീഫ് ആർട്ട് പ്രൊജക്ട്സും സംസ്ഥാന ചലച്ചിത്ര അക്കാഡമിയും ചേർന്ന് സെല്ലുലോയിഡ് ഇൻ കാൻവാസ് എന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയൽ മുതൽ പുതിയ കാലത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വരെ നീളുന്ന സംവിധായകരുടെ പോർട്രെയിറ്റുകളാണ് പ്രദർശത്തിനുള്ളത്.
സിനിമാസംബന്ധമായ പോർട്രെയിറ്റ് പെയിന്റിംഗ് പരന്പരയുടെ ആദ്യഘട്ടമായാണ് സംവിധായകൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. വെറും പതിനഞ്ച് ദിവസങ്ങൾ കൊണ്ടാണ് ശ്യാം ചിത്രങ്ങൾ സൃഷ്ടിച്ചത് എന്ന സവിശേഷതയുമുണ്ട്.
വർണങ്ങളും ബ്രഷും കൊണ്ട് ചിത്രാകരൻ സാക്ഷാത്കരിക്കുന്നത് സംവിധായകരുടെ വെറും ചായാചിത്രങ്ങളല്ല മറിച്ച് അവരുടെ വൈകാരിക ലോകവും ഭാവസൗന്ദര്യവും കരുത്തും ദൗർബല്യവുമൊക്കെയാണ്. ചിത്രകലയുടെ വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കപ്പുറം നിറങ്ങൾ വാരിത്തൂകി കൊണ്ടുള്ള തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരമാണിത്.
അമ്മ അറിയാൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ജോണ് ഏബ്രഹാം പേട്ടയിൽ ഒരു ലോഡ്ജിൽ താമസിക്കുന്ന കാലത്താണ് ശ്യാം ഗോപാലാചാരി ജോണ് ഏബ്രഹാമിനെ ആദ്യമായി കാണുന്നത്. അന്ന് സ്കൂൾ കുട്ടിയായിരുന്ന ശ്യാമിനു ജോണ് ഏബ്രഹാം എന്ന പ്രതിഭയെ കാണിച്ച് കൊടുക്കുന്നത് അച്ഛനും ചിത്രകാരനുമായ രാജഗോപാലാചാരിയാണ്.
ജോണ് ഏബ്രഹാമിന്റെ വ്യത്യസ്തമായ വസ്ത്രധാരണവും നടപ്പും ചിത്രകാരന്റെ മനസ് അന്നേ ഒപ്പിയെടുത്തിരുന്നു. നീണ്ട പതിറ്റാണ്ടുകൾക്കു ശേഷം ഇപ്പോൾ ജോണ് ഏബ്രഹാമിനെ വരയ്ക്കുന്പോൾ അന്നത്തെ ജോണ് ഏബ്രഹാമിന്റെ വസ്ത്രങ്ങളുടെ നിറങ്ങൾ പോലും ചേർത്തിണക്കുകയായിരുന്നു.
സാധാരണ നമ്മൾ കാണുന്ന ജോണ് ഏബ്രഹാമിന്റെ പ്രാകൃത രൂപമല്ല ശ്യാമിന്റെ കാൻവാസിൽ തെളിഞ്ഞിട്ടുള്ളത്. തലമുടി പാറിപ്പറന്നിട്ടുണ്ടെങ്കിലും തീക്ഷ്ണമായ കണ്ണുകളുള്ള സുന്ദരനായി ജോണ് ഏബ്രഹാം മാറിയിട്ടുണ്ട്. കുട്ടിക്കാലത്ത് അച്ഛൻ തന്നെ ഭരതൻ ചിത്രങ്ങൾ കാണുവാൻ കൊണ്ടുപോയിരുന്നു എന്ന് ശ്യാം ഗോപാലാചാരി പറയുന്നു. ഭരതൻ സിനിമകളോടുള്ള ഇഷ്ടം ഭരതൻ പോർട്രെയിറ്റിൽ തുടിക്കുന്നുണ്ട്.
കുസൃതി നിറഞ്ഞ ഒളിനോട്ടത്തോടെ ഒരുവശം ചരിഞ്ഞു നില്ക്കുകയാണ് സകലകലാ വല്ലഭനായ ബാലചന്ദ്ര മേനോൻ. കുടുംബകഥകൾ ഒരുപാട് പറഞ്ഞ മേനോന്റെ കുറുന്പ് നോട്ടം കുടുംബങ്ങൾക്കുള്ളിലേക്കാണെന്ന് ചിത്രകാരൻ. എഴുപതുകളിലും, എണ്പതുകളിലും ജീവിച്ചവരുടെ കഥ മാത്രമല്ല ന്യൂജെൻ ജീവിതവും അവതരിപ്പിക്കുവാൻ കഴിവുള്ള പ്രിയദർശനെ വരയ്ക്കുന്പോൾ ഒരു ന്യൂജെൻ ഹെയർ സ്റ്റൈൽ ചിത്രകാരൻ നല്കിയിട്ടുണ്ട്.
എം. കൃഷ്ണൻ നായരുടെയും കെ. എസ്. സേതുമാധവന്റെയും ശശി കുമാറിന്റെയും സൗമ്യഭാവവും ഹരിഹരന്റെ കരുത്തും ചരിത്രക്കാഴ്ചയാണ്. മലൈകോട്ടെ വാലിബനിൽ എത്തി നില്ക്കുന്ന നവതരംഗം സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പോർട്രെയിറ്റും ശ്രദ്ധേയം.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അല്പം സമ്മർദത്തിൽ നില്ക്കുന്ന പെല്ലിശേരിയുടെ മുഖത്ത് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ കാണാം. രാമു കാര്യാട്ട്, പി. ഭാസ്ക്കരൻ, പി. എൻ. മേനോൻ, കെ.പി. കുമാരൻ, കെ. ജി. ജോർജ്, ഐ.വി.ശശി, ലെനിൻ രാജേന്ദ്രൻ, ടി.വി. ചന്ദ്രൻ, പ്രതാപ് പോത്തൻ, ജോഷി, ലാൽ ജോസ്,
ശ്രീനിവാസൻ, സിദ്ദിഖ്, ലാൽ, രഞ്ജിത്ത്, ജയരാജ് തുടങ്ങിയ സംവിധായന്മാരുടെ പോർട്രെയിറ്റുകളും ഇത് പോലെ സിനിമാ ഭാവസൗന്ദര്യം പകരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ കഴിഞ്ഞ ദിവസം നിർവഹിച്ചു. പ്രദർശനം മാർച്ച് മൂന്നുവരെ നീളും. രഞ്ജു ലീഫാണ് ക്യൂറേറ്റർ.