കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർഥികളിലെത്തണം: മുഖ്യമന്ത്രി
1395784
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർഥികളിലെത്തണമെന്നും ഇതിൽ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തിൽ നിന്നും മാറി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല നടക്കേണ്ടത്. അക്കാദമിക മികവ് വർധിക്കുകയും ഗുണം പൊതുവിദ്യാഭ്യാസ രംഗത്ത് ആകെ ഉണ്ടാവുകയും വേണം -മുഖ്യമന്ത്രി പറഞ്ഞു.
ഏഴര കൊല്ലം കൊണ്ട് അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. എ.എ.റഹീം എംപി, എംഎൽമാരായ വി. ജോയ്, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് തുട ങ്ങിയവർ സംബന്ധിച്ചു.