പിഎസ്സി പരീക്ഷയിലെ ആൾമാറാട്ടം: സഹോദരങ്ങളായ പ്രതികൾക്ക് ജാമ്യം
1395778
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആൾമാറാട്ടക്കേസിലെ സഹോദരങ്ങളായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയിൽ നേരിട്ടെത്തി പ്രതികൾ കീഴടങ്ങിയിരുന്നു. ഇതേത്തുടർന്ന് പ്രതികളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി. ഇതിൽ അന്വേഷണത്തിന് സഹായകമായി വിവരങ്ങൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും ഇതുകൊണ്ടു തന്നെ പ്രതികളെ ജയിലിൽ കിടത്തേണ്ട സാഹചര്യമില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും മൂന്നു മാസത്തേക്ക് മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടു കൂടിയുമാണ് ജാമ്യം അനുവദിച്ചത്. നേമം സ്വദേശികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവർ വെള്ളിയാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്.