ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭർത്താവ് റിമാൻഡിൽ
1395773
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: അയിരൂരിൽ സംശയരോഗത്തെ തുടർന്ന് ഉറങ്ങികിടന്ന ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിരൂർ മുത്താന ചെമ്മരുതി അന്പലത്തുവിള ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ലീല (45) യെയാണ് ഭർത്താവ് അശോകൻ (59) തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന ലീലയുടെ ദേഹത്ത് അശോകൻ മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തീ ആളിപ്പടർന്നതിനെ തുടർന്ന് ലീല പുറത്തേക്കിറങ്ങി ഓടിയപ്പോൾ തലയിടിച്ച് നിലത്ത് വീണു. ലീലയെ ഭർത്താവ് അശോകന് സംശയമായിരുന്നുവെന്നും ഇതാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കവെ മകൻ അനിലിനും പൊള്ളലേറ്റു. ലീലയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. അയിരൂർ പോലീസ് കേസെടുത്തതിനു പിന്നാലെ അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.