സെൽഫിയെടുക്കുന്നതിനിടെ യുവാവ് ഡാമിൽവീണു
1394722
Thursday, February 22, 2024 5:52 AM IST
വിതുര : സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി യുവാവ് പേപ്പാറ ഡാമിൽ വീണു. പേപ്പാറ മാങ്കാല സ്വദേശി സുജിത്ത് (36) ആണ് പേപ്പാറ ഡാമിനു മുകളിൽനിന്നു സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി ഡാമിലേക്ക് വീണത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നാലു സുഹൃത്തുക്കളോടൊപ്പം രാവിലെയാണ് സുജിത്ത് പേപ്പാറ ഡാമിലെത്തിയത്. നീന്തൽ അറിയാവുന്ന സുജിത്ത് സമീപത്തെ ഒരു പൈപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു.
ഡാം പരിസരത്ത് ഉണ്ടായിരുന്നവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി കയറിട്ടുകൊടുത്തശേഷം വലയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പേപ്പാറ ഡാമിൽ ആദ്യമായാണ് ഒരാൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്.