വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
1394719
Thursday, February 22, 2024 5:46 AM IST
നേമം: വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസി (47)നെ നേമം പോലീസ് അറസ്റ്റുചെയ്തു.
വെള്ളായണി പഴയ കാരയ് ക്കാമണ്ഡപം തിരുമംഗലം ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് തിരുമിറ്റക്കോട് അറങ്ങോട്ട് എഴുമങ്ങാട് പുത്തന്‍പീടികയില്‍ കുഞ്ഞി മരയ്ക്കാര്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണു ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. പിന്നീട് അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയാവുകയായിരുന്നു.
തുടര്‍ന്ന് നയാസും ബന്ധുക്കളും ആംബുലന്‍സ് വിളിച്ചു കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷമീറയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഇവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി വീട് പോലീസ് സീല്‍ ചെയ്തു. അക്യുപങ്ചര്‍ ചികിത്സ ഷമീറയ്ക്ക് നടത്തിയിരുന്നതായി സംശയമുണ്ട്. പാലക്കാട് സ്വദേശിനിയായ ഷമീറയുടേയും പൂന്തുറ സ്വദേശിയായ നയാസിന്റേയും രണ്ടാം വിവാഹമായി രുന്നു. ഇരുവര്‍ക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.
ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നയാസ് അവഗണിക്കുകയായിരുന്നു.