തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
1394457
Wednesday, February 21, 2024 5:35 AM IST
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ഇയര്‍പോഡിന്റെ ചാര്‍ജിംഗ് അഡാപ്റ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തി കൊണ്ടുവന്ന 182.44 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
11.47 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മൊബൈൽഫോണിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വര്‍ണം എന്ന് തെറ്റി ധരിപ്പിക്കുന്ന വിധത്തിലുളള ഒരു വസ്തുവും അധികൃതര്‍ പിടിച്ചെടുത്തു.
സംഭവത്തിൽ പിടിയിലായയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിലക്കൂടിയ ഫോണിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ പിടിച്ചെടുക്കുമോ എന്നുളള പരീക്ഷണം നടത്തിയതാണെന്നും പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
മറ്റൊരു കേസില്‍ യാത്രക്കാരനില്‍ നിന്നും ശരീരത്തില്‍ അണിഞ്ഞു കൊണ്ടു വന്ന 199.79 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ മാലകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 12.57 ലക്ഷം രൂപ വില വരും.
സ്വർണത്തിനു പുറമേ അബുദാബിയില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമായി അനധികൃതമായി കടത്തികൊണ്ടുവന്ന വ്യാജ ഗോള്‍ഡ് ഫ്ളാക്ക് സിഗരറ്റിന്റെ 40,600 സ്റ്റിക്കുകളും പിടികൂടി. വിപണിയില്‍ 7.31 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.