വി. മധുസൂദനൻ നായർ ധാർമിക മൂല്യമുള്ള കവി: പി.എസ്. ശ്രീധരൻ പിള്ള
1394451
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം: സാഹിത്യ ലേകത്തെ ധാർമിക മൂല്യമുള്ള കവികളിൽ ഒരാളാണ് വി. മധുസൂദനൻ നായരെന്നു ഗോവ ഗവർണ പി.എസ്. ശ്രീധരൻ പിള്ള. തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ കവി വി. മധുസൂദനൻ നായരെ ആദരിക്കുന്ന "സുദിനം മധുസൂദനം’ എന്ന പരിപാടിയും, പ്രസ്ക്ലബ് ജേണലിസം വിദ്യാർഥികളുടെ ബിരുദ വിതരണവും ഉദ്ഘാടനം ചെയ് തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെതായ രചനാ ശൈലികൊണ്ട് മലയാളികളുടെ മനസു കീഴടക്കിയ കവിയാണ് മധുസൂദനൻ നായർ. കവിയെന്ന രീതിയിൽ മാത്രമല്ല, ഒരു മികച്ച അധ്യാപകനായും മാധ്യമപ്രവർത്തകനായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിനെ പോലുള്ള എഴുത്തുകാരുടെ സൃഷ്ടികൾ എക്കാലവും ഇവിടെ തന്നെ ഉണ്ടാകും.
കേരളത്തിന്റെ സാഹിത്യ മേഖല കൂറേകൂടി വിശാലമാകണം. കക്ഷി രാഷ്ട്രീയത്തിന്റെയോ വ്യക്തിതാൽപര്യത്തിന്റെയോ അടിസ്ഥാനത്തിൽ മുന്നേട്ടു പോകേണ്ട ഒന്നല്ല സാഹിത്യമേഖല. യുവ തലമുറയിലെ സാഹിത്യകാരൻമാർക്ക് പ്രചോദനമായി നമ്മുടെ സാഹിത്യ മേഖല മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എൻ. സാനു, കവി ഗിരീഷ് പുലിയൂർ, പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ സിബി കാട്ടാപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.