ബൈക്ക് പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു
1374869
Friday, December 1, 2023 5:19 AM IST
കഴക്കൂട്ടം: കാറ്ററിംഗ് ജോലിക്ക് പോയ യുവാക്കളുടെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
നെയ്യാറ്റിൻകര സ്വദേശി സൂര്യ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ അസാദിനെ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 ഓടെ കഴക്കൂട്ടം ശ്രീകാര്യം റോഡിൽ അമ്പലത്തിങ്കര കെഎസ്ഇബി സബ് സ്റ്റേഷനു മുന്പിലായിരുന്നു അപകടം.
കാര്യവട്ടം ഭാഗത്ത് നിന്നും വരുകയായിരുന്നു ബൈക്ക് കടയിൽ പച്ചക്കറി ഇറക്കിയ ശേഷം തിരിക്കുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചു കയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികർ അര മണിക്കൂറോളം റോഡിൽ കിടന്നു. പിന്നീട് കഴക്കൂട്ടം പോലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴക്കൂട്ടം അൽസാജ് ആഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിന് കാറ്ററിംഗ് ജോലിക്ക് വന്നവരായിരുന്നു യുവാക്കൾ.