പച്ചപ്പിന്റെ തണലില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം
1374861
Friday, December 1, 2023 5:19 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോന്പൗണ്ടിലെങ്ങും പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പാര്‍ന്ന തണലാണ്.
വന്മരങ്ങള് ശീതളഛായയേകുന്ന കാഴ്ച പോലും കണ്ണുകള്‍ക്കും കരളുകള്ക്കും കുളിര്‍മ പകരുന്നു. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ ആറാലുംമൂടിലാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
രണ്ടു പ്രവേശന കവാടങ്ങളില്‍ ഏതിലൂടെ അകത്തേയ്ക്ക് കയറിയാലും തണല്‍വൃക്ഷങ്ങളുടെ സാന്നിധ്യമനുഭവിക്കാനാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറമേ ബ്ലോക്കിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍, വിര്‍ച്വല്‍ ക്ലാസ് റൂം, ഇഎംഎസ് ഹാള്‍ എന്നിവ സമീപത്തായി പ്രവര്‍ത്തിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ മണ്ണു പരിശോധന ലാബ്, വ്യവസായ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും ഓഫീസുകളും ഈ കോന്പൗണ്ടിലുണ്ട്.
വൃക്ഷങ്ങള്‍ക്കു ചുറ്റും ഇരിക്കാന്‍ കൂടി സൗകര്യത്തിന് സിമന്റ് തറകളൊരുക്കിയിരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ പരിസരത്തെ ഓഫീസുകളിലോ വരുന്ന ഗുണഭോക്താക്കള്‍ക്ക് ഇവിടുത്തെ ഹരിതാഭ ആശ്വാസകരമാണ്. പ്ലാസ്റ്റിക് വിമുക്ത മേഖല കൂടിയാണ് ഇവിടം.