തിരുവനന്തപുരം കോർപറേഷൻ: കൈയാങ്കളിയോളമെത്തി പ്രത്യേക കൗണ്‍സിൽ
1374607
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന മഴക്കെടുതിയും വെള്ളപ്പൊക്കവും അതിനുള്ള പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്നലെ ചേർന്ന പ്രത്യേക കോർപറേഷൻ കൗണ്‍സിൽ യോഗം കൈയാങ്കളിയുടെ വക്കോളമെത്തി പിരിഞ്ഞു. തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി കൗണ്‍സിലർമാരുടെ ആവശ്യപ്രകാരമാണ് ഇന്നലെ പ്രത്യേക കൗണ്‍സിൽ വിളിച്ചത്. എന്നാൽ രാഷ്ട്രീയ ആരോപണങ്ങളിൽപ്പെട്ട് കൗണ്‍സിൽ യോഗം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. ക്രിയാത്മകമായ നിർദേശങ്ങൾ ഒന്നും തന്നെ ഉണ്ടായതുമില്ല.
മഴക്കെടുതി മുന്നറിയിപ്പു നൽകുന്നതിൽ കേന്ദ്രം വലിയ അവഗണനയാണ് കാണിക്കുന്നതെന്നു മേയർ ആര്യ രാജേന്ദ്രൻ കുറ്റപ്പെടുത്തി. നഗരത്തിൽ അടുത്തിടെ പെയ്ത അതിതീവ്രമഴ അപ്രതീക്ഷിത വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണമായി. കാലാവസ്ഥാ വ്യതിയാനം കുറെക്കാലമായി നഗരത്തെ രൂക്ഷമായി വേട്ടയാടുകയാണ്.
മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര സർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്. കൗണ്‍സിൽ ചർച്ചകൾ പ്രഹസനമായി മാറുകയാണെന്നും കൗണ്‍സിലർമാരുടെ ക്രിയാത്മകമായ നിർദേശങ്ങൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും യുഡിഎഫ് കൗണ്‍സിലർമാരായ പി.പത്മകുമാറും ജോണ്സണ് ജോസഫും ആരോപിച്ചു. തുടർന്ന് മുദ്രാവാക്യം വിളികളോടെ യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.
തുടർന്ന് നഗരത്തിലെ തോടുകളുടെ കൈയേറ്റത്തെക്കുറിച്ചു ബിജെപി അംഗം തിരുമല അനിൽ നടത്തിയ പ്രസംഗത്തോടെ ബഹളം തുടങ്ങി. കൈയേറ്റക്കാരിൽ 90 ശതമാനവും ഇടതുപക്ഷക്കാരാണെന്നായിരുന്നു അനിലിന്റെ ആരോപണം. അതിനെതിരേ സിപിഎമ്മിലെ ഡി.ആർ.അനിൽ രംഗത്തെത്തി. കോർപ്പറേഷൻ വീടു നൽകിയിട്ടും ബിജെപിയുടെ ഒരു മുൻ കൗണ്‍സിലർ ഇപ്പോഴും തോടിന്റെ തീരത്താണ് താമസിക്കുന്നതെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി അംശു വാമദേവൻ രംഗത്തെത്തി.
ഇതോടെ ബിജെപി-സിപിഎം അംഗങ്ങൾ തമ്മിൽ വാക്കേറ്റം ആരംഭിക്കുകയായിരുന്നു. ഒരംഗം സംസാരിക്കുന്നതിനിടിയിൽ മറ്റ് അംഗങ്ങൾക്ക് സംസാരിക്കാൻ മൈക്ക് നൽകുന്നതിനെതിരേ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
ഇടതുപക്ഷ അംഗങ്ങൾക്ക് രാഷ്ട്രീയമായി പ്രതികരിക്കാൻ മേയറും പിന്തുണ നൽകിയതോടെ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നേരത്തെ നടന്ന യോഗത്തിൽ തീരമാനമെടുത്തിട്ടുണ്ടെന്ന് മേയർ മറുപടി പറഞ്ഞു.
ഇതിനിടെ ഡെപ്യൂട്ടി മേയർ പി.കെ.രാജുവും ബിജെപി അംഗങ്ങളുമായി തമ്മിൽ തുടർച്ചയായി തർക്കമുണ്ടാകുകയും ചെയ്തു. അംശു വാമദേവനും ഇതിൽ ഇടപെട്ടു.
ഇതിനിടെ എസ്.സലിം പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ബിജെപി അംഗം വി.ജി.ഗിരികുമാർ പ്രതിഷേധവുമായെത്തി. തുടർന്ന് ഇരു വിഭാഗത്തേയും കൗണ്‍സിലർമാർ ചുറ്റും കൂടി വാക്കേറ്റം ആരംഭിക്കുകയായിരുന്നു. വാക്കേറ്റം കൈയാങ്കളിയിലേക്കു കടക്കുമെന്നായതോടെ മേയർ കൗണ്‍സിൽ യോഗം പിരിച്ച് വിട്ടു.