കോട്ടൂർ മോഡേൺ റസിഡൻഷൽ സ്കൂൾ ആറളത്തേക്ക് മാറ്റാൻ നീക്കം
1339808
Monday, October 2, 2023 12:01 AM IST
കാട്ടാക്കട: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച കോട്ടൂർ മോഡേൺ റസിഡൻഷൽ സ്കൂൾ മാറ്റാനുള്ള നീക്കത്തിൽ ആദിവാസികള് ഉ ൾപ്പെടെ പ്രതിഷേധത്തിലേക്ക്.
2011-ൽ അഗസ്ത്യവനത്തെ വാലിപ്പറയിൽ അനുവദിച്ച സ്കൂളാണ് ചിലരുടെ പ്രത്യേക താൽപര്യത്തിൽ മാറ്റാനൊരുങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ച് ആദിവാസികൾ നിവേദനം നൽകി.
2011 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടികവർഗ വിദ്യാർഥികൾക്കായി കോട്ടൂർ കേന്ദ്രമാക്കി സ്കൂൾ അനുവദിച്ചത് ജി. കാർത്തികേയൻ എംഎൽ എ ആയിരിക്കെയാണ്. അദ്ദേഹത്തി ന്റെ മരണശേഷം സ്കൂളിന് അദ്ദേഹത്തിന്റേ പേരും നൽകി.
സ്കൂളിനുവേണ്ടി വനം വകുപ്പ് രണ്ടര ഏക്കർ ഭൂമി കൈമാറി.ഇവിടെ കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ഭൂമിയിലെ 190 മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.
സ്കൂൾ വന്നാൽ അതിനോടനുബന്ധിച്ച് അധ്യാപകർക്കുള്ള താമസസ്ഥലം, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ, ക്ലാസ് മുറി, കോൺഫറൻസ് ഹാൾ, പഠനമുറി, കളിസ്ഥലം, ആരോഗ്യകേന്ദ്രം, തുടങ്ങിയവ ഉൾപ്പെടുത്തി ടൗൺ ഷിപ്പ് സ്ഥാപിക്കാൻ കഴിയും വിധമായിരുന്നു പദ്ധതി ചിട്ടപ്പെടുത്തിയത്.
പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും വനം വകുപ്പിന്റേയും പട്ടികവർഗ വിഭാഗത്തിന്റേയും സഹകരണത്തോടെ കൂടുതൽ ഭൂമി ലഭ്യമാക്കി സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുമെന്നു നാട്ടുകാർ ചൂണ്ടികാട്ടുന്നു.
എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോയപ്പോഴാണ് തടസവാദങ്ങളുമായി ഉദ്യോഗസ്ഥരെത്തുന്നതും പദ്ധതി പാതിവഴിയിൽ നിലച്ചതും. ഇതിനിടയ്ക്കാണ് സ്കൂൾ ഇവിടെ നിന്നും മാറ്റി ആറളത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നത്. ഇതിന് കുറ്റിച്ചൽ പഞ്ചായത്തും രഹസ്യ പിന്തുണ നൽകുന്നതായി ആരോപണമുണ്ട്.
24 ആദിവാസി സെറ്റിൽമെന്റുകളുള്ള പഞ്ചായത്തിൽ, പുറം നാട്ടിൽനിന്നും രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള വാലിപ്പറയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി മുന്നോട്ടുപോകുന്ന വിദ്യാലയത്തെ നാടുനടത്താനുള്ള ഗൂഢശ്രമത്തെെ ചെറുത്തു തോൽപ്പിക്കുമെന്ന് ആദിവാസി യോഗം തീരുമാനിച്ചു. ഇതിന് രാഷ്ട്രീയ പിന്തുണ തേടാനും യോഗം തീരുമാനിച്ചു.