പാളയത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു പോലീസുകാരൻ മരിച്ചു
1339786
Sunday, October 1, 2023 11:16 PM IST
തിരുവനന്തപുരം: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തെരുവുവിളക്കിന്റെ തൂണിലിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. തിരുവനന്തപുരം സിറ്റി കണ്ട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അമരവിള കാട്ടിലുവിള ശാന്തത്തിൽ എൻ.എസ്.അജയകുമാർ(45)ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെ പാളയം എകെജി സെന്ററിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
വാഹനത്തിലുണ്ടായിരുന്ന എസ്.ഐ ജി.വിജയകുമാർ, ഡ്രൈവർ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. വിജയൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപചരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദേശീയ പാതയിൽ പെട്രോളിംഗ് നടത്തിയിരുന്ന ബൈപ്പാസ് ബീക്കണ്‍സ് വിഭാഗത്തിലുള്ള പോലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി പെട്രോളിംഗ് കഴിഞ്ഞ് ഇന്ധനം നിറയ്ക്കാനായി എസ്എപി ക്യാന്പിലേക്ക് വരികയായിരുന്നു വാഹനം. എ.കെ.ജി സെന്റർ കഴിഞ്ഞുള്ള വളവിന്റെ ഭാഗത്ത് റോഡിൽ വെള്ളക്കെട്ടായിരുന്നു. വെള്ളക്കെട്ടിൽ നിന്നും വാഹനം ഒഴിച്ചെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ തെരുവുവിളക്കിന്റെ തൂണിലിടിക്കുകയായിരുന്നെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തിൽ പുറകിലെ സീറ്റിലിരുന്ന അജയകുമാറിന്റെ തല വാഹനത്തിന്റെ വശത്തിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നിലെ സീറ്റിലിരുന്ന അജയകുമാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നായിരുന്നു സൂചന. മൃതദേഹം നന്താവനം എ.ആർ. ക്യാന്പിൽ പൊതുദർശനത്തിന് ശേഷം അമരവിളയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ കൃഷ്ണപ്രിയ.എസ്(അക്കൗണ്ടസ്് മാനേജർ,ബീക്കണ്‍ പ്രോജക്ട്), മക്കൾ: അതുൽ ഈശ്വർ, അചിന്ത് കൃഷ്ണ. പരേതനായ നാരായണ പിള്ളയും ശാന്തകുമാരിയമ്മയുമാണ് അജയകുമാറിന്റെ മാതാപിതാക്കൾ.