നെടുമങ്ങാട്: ബൈക്ക് മോഷണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്മൽ മൻസിലിൽ മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റു ചെയ്തത്.
കരിപ്പൂർ കുടവൂർ ദേവി ക്ഷേത്രത്തിനു സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി.മുകേഷിന്റെ ബൈക്കാണ് കഴിഞ്ഞ 25ന് രാത്രിയിൽ പ്രതികൾ കവർന്നത്. മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഓവർ ബ്രിഡ്ജിനടിയിൽ ഉപേക്ഷിച്ച ശേഷം തിരികെ പോരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പൊളിച്ചു വിൽക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.