യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി
1338574
Wednesday, September 27, 2023 12:36 AM IST
വെള്ളറട: റോഡു വക്കില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ കടന്നുപോയി. അഞ്ചുമരംകാല പാക്കോട് കിഴക്കന്‍കര നീരജ് ഭവനില്‍ ബൈജു (42) നെയാണ് കാറിടിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 8:45 നായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ബൈജുവിനെ ആദ്യം വെള്ളറട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
പരാതിയെ തുടർന്ന് വെള്ളറട പോലീസ് ബൈജുവിനെ ഇടിച്ചുതെറിപ്പിച്ച കാറിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവമുണ്ടായ സ്ഥലത്തെയും, പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങള്‍ സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ച് അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.