ഓർമകളിൽ മാന്ത്രികശ്രുതി ജി. ദേവരാജന്റെ 96-ാം ജയന്തി ഇന്ന്
1338566
Wednesday, September 27, 2023 12:36 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: സംഗീതം കൊണ്ട് ഇന്ദ്രജാലം തീർത്ത ദേവരാജന് ഓർക്കെസ്ട്ര പലപ്പോഴും കൈയിലെ കളിപ്പാട്ടമായിരുന്നു. സന്പന്നമായി ഓർക്കെസ്ട്ര ഉപയോഗിച്ചും പേരിനുമാത്രം പശ്ചാത്തല സംഗീതം ഉൾച്ചേർത്തും ദേവരാജൻ തീർത്ത അനുഭൂതിയിൽ ഇന്നും മലയാളം അലിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
കാട്ടുകുരങ്ങിലെ "നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും' എന്ന ഗാനത്തിലെ നാദബ്രഹ്മത്തിൽ ലയിച്ചു ചേരുന്പോൾ അറിയുക ഈ ഗാനത്തിൽ ദേവരാജൻ മാസ്റ്റർ മൃദംഗം എന്ന ഒറ്റ സംഗീത ഉപകരണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്..! ഇനി ഗിറ്റാർ പ്രധാന വാദ്യോപകരണമാക്കി ദേവരാജൻ സൃഷ്ടിച്ച ഗാനമാണ് ഭാര്യയില്ലാത്ത രാത്രിയിലെ "താരുണ്യത്തിൻ പുഷ്പ കിരീടം..
താഴികക്കുടം തങ്ക താഴികക്കുടം' എന്ന ഗാനം. റിഥം ഗിറ്റാർ, ബ്രഷ് (ഡ്രംസ്) എന്നീ രണ്ട് സംഗീത ഉപകരണങ്ങൾ മാത്രമേ ഗിറ്റാർ കൂടാതെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. ഗിറ്റാർ എന്ന വാദ്യോപകരണം കൊണ്ടുമാത്രം ഈ ഗാനത്തിന്റെ മൂഡ് സൃഷ്ടിക്കുവാനും ദേവരാജനു കഴിഞ്ഞിട്ടുണ്ട്. ഭാര്യ ഇല്ലാത്ത രാത്രി എന്ന സിനിമയിൽ ഹോട്ടലിലെ ഗായകൻ (ഹരി അവതരിപ്പിച്ച കഥാപാത്രം) പാടുന്ന ഗാനമാണ് താരുണ്യത്തിൻ പുഷ്പകിരീടം.
ഇങ്ങനെ ദേവരാജന്റെ ഓരോ ഗാനമെടുത്ത് പരിശോധിച്ചാലും ഇതുപോലുള്ള അത്ഭുതങ്ങൾ കാണാം. താളം കൊണ്ടുമാത്രമല്ല രാഗം കൊണ്ടും ഇതേ ഇഫക്ട് ദേവരാജൻ തീർത്തിട്ടുണ്ട്. യുദ്ധകാണ്ഡത്തിലെ "ശ്യാമസുന്ദര പുഷ്പമേ...' എന്ന ഗാനത്തിലും, ഇന്നലെ ഇന്ന് എന്ന ചിത്രത്തിലെ "പ്രണയ സരോവരതീരം..' എന്ന ഗാനത്തിലും നിറയുന്നത് വിരഹത്തിന്റെ കൊടും തണുപ്പാണ്..!
ഇനി ഒ.എൻ.വി-ദേവരാജൻ ടീമിന്റെ സൂപ്പർഹിറ്റ് ഗാനമായ നീയെത്ര ധന്യയിലെ "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന ഗാനത്തിലേക്കു വന്നാലോ -ഇന്നു നാം കേൾക്കുന്ന അരികിൽ എന്ന വരിയുടെ ഈണം മുന്പ് ദേവരാജൻ തന്നെ ഒരു ഗാനത്തിൽ ചേർത്തിരുന്നതിനാൽ പുതിയൊരു ഈണത്തിനു വേണ്ടി രണ്ടു ദിവസം മാസ്റ്റർ അധ്വാനിച്ചിരുന്നു!.
അരികിൽ എന്ന വാക്കിന്റെ അർഥം സത്യമാക്കുന്ന സസരി എന്ന സ്വരങ്ങൾ മാറ്റുവാൻ കഴിയാതെ വന്നതിനാൽ മുന്പ് ഉപയോഗിച്ച സ്വരസ്ഥാനം തന്നെ അരികൽ എന്ന വാക്കിന് നൽകുകയായിരുന്നു.
പാട്ടിന്റെ പല്ലവിയിൽ മാത്ര എന്ന വാക്ക് വരുന്നത് എട്ടുതവണയാണ്. (പല്ലവിയുടെ ആവർത്തനം ഉൾപ്പെടെ) ഈ മാത്ര എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായാണ് ദേവരാജൻ സൃഷ്ടിച്ചിരിക്കുന്നത് എന്നു കവിയും ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പെരുന്പുഴ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.
വെറുതെയും ഇതുപോലെ തന്നെ. പല്ലവിയിലെ ഒരു മാത്ര വെറുതെ എന്നതിലെ വെറുതെ, വെറുതെ ആകരുത് എന്നു തനിക്കു നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ് വെറുതെയ് ക്കു വെറൈറ്റി നല്കിയതെന്നുള്ള ദേവരാജന്റെ വാക്കുകളും ഇതോടു ചേർത്തു വായിക്കാം.