എസ്എടി ആശുപത്രിയിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ
1338327
Tuesday, September 26, 2023 12:14 AM IST
മെഡിക്കൽ കോളജ്: എസ്എടി ആശുപത്രിക്കുള്ളിലെ വാർഡിൽ കയറി രോഗികളുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. പത്തനാപുരം രഞ്ജിതാ ഭവനിൽ പ്രദീപ് കുമാറി(40)നെയാണ് മെഡിക്കൽ കോ ളജ് പോലീസ് പിടികൂടിയത്.
എസ്എടി ആശുപത്രിയിലെ 17-ാം വാർഡിൽ ഇന്നലെ ഉച്ചയോടെയായികുന്നു സംഭവം.
വാർഡിൽ ചികിത്സയിലുള്ള പതിനൊന്നുകാരന്റെ പിതാവാണ് ഇയാൾ. പലതവണ വാർഡിനുള്ളിൽ കയറിയിറങ്ങിയ പ്രദീപ് കുമാർ രോഗിയുടെ കട്ടിലിൽ കയറി കിടക്കുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടി നഴ്സിനെ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സം ഭവമറിഞ്ഞെത്തിയ സുരക്ഷാജീവനക്കാരേയും ഇയാൾ ദേഹോപദ്രവമേൽപ്പിച്ചു. സുരക്ഷാ ജീവനക്കാർ പ്രദീപ് കുമാറിനെ പിടികൂടി സെക്യൂരിറ്റി ഓഫീസിൽ എത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർത്തു.
ഇതോടെ ഇയാളെ മെഡിക്കൽ കോളജ് പോലീസിനു കൈമാറി. വാർഡിൽ ചികിത്സയിലുള്ള മറ്റൊരു കുട്ടിയോട് ആപ്പിൾ വേണോയെന്നു ചോദിക്കുകയും വേണ്ടെന്നു പറഞ്ഞപ്പോൾ ആ കുട്ടിയെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ മാതാവ് പരാതിപ്പെട്ടു. തുടർന്ന് വാർഡിൽ ചികിത്സയിലുള്ള കുട്ടികളുടെ കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും നഴ്സിംഗ് വിഭാഗവും ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. പരാതി പോലീസിനു കൈമാറി. എന്നാൽ ഇയാളുടെ 11 വയസുള്ള കുട്ടി 35 ദിവസമായി ആശുപത്രിയിൽ ഡയാലിസിസ് അടക്കമുള്ള ചികിത്സയിലാണെന്നും കുട്ടിയെ പരിചരിക്കുന്നതിനായി ഇയാളെ വിട്ടയച്ചുവെന്നും മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു.