ഓപ്പറേഷൻ ഡി ഹണ്ട്: എട്ടു പേർ അറസ്റ്റിൽ
1338094
Monday, September 25, 2023 12:36 AM IST
തിരുവനന്തപുരം: ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലയിൽ എട്ടുപേർ പിടിയിലായി.
വർക്കല ശ്രീനിവാസപുരം സ്വദേശികളായ വിഷ്ണു, ഷംനാദ്, ഷിബിൻ എന്നിവരെ കല്ലന്പലം പോലീസും അഴൂർ സ്വദേശി സുമേഷിനെ ചിറയൻകീഴ് പോലീസും അസം സ്വദേശിയായ നരേന്ദ്ര സൗതലിനെ മംഗലപുരം പോലീസും കൂനൻവേങ്ങ സ്വദേശി ഷെഹ്നാസിനെ വെഞ്ഞാറമൂട് പോലീസും മംഗലത്തുകോണം സ്വദേശി ബിനോരാജിനെ ബാലരാമപുരം പോലീസും വെട്ടിയറ സ്വദേശി പ്രവീണിനെ പള്ളിക്കൽ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.ടി. രാശിത്തിന്റെ നേതൃത്വത്തിൽ ഡൻസാഫ് സംഘവും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ ടി. ഫറാഷ്, വിജയഭാരത് റെഡ്ഡി, കെ. ബൈജുകുമാർ, ടി. ജയകുമാർ, എൻ. ഷിബു എന്നിവർ റെയ്ഡുകൾക്ക് നേതൃത്വം നൽകി.
ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ട 38 പേരെ കരുതൽ തടങ്കലിനു സർക്കാരിലേക്കു ശുപാർശചെയ്തു. ഉത്തരവ് ലഭിച്ച നാലുപേരെ കരുതൽ തടങ്കലിലാക്കി. ഇവരിൽ മൂന്നുപേരുടെ സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടി.