മെഡിക്കൽ കോളജിൽ രോഗികൾക്കുള്ള ബ്രഡും പാലും പദ്ധതി നിർത്തലാക്കി
1337363
Friday, September 22, 2023 1:15 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്കുള്ള ബ്രഡും പാലും പദ്ധതി നിർത്തലാക്കിയതിൽ വ്യാപക പ്രതിഷേധം.
വർഷങ്ങളായി ആരോഗ്യവകുപ്പിന്റെ കീഴിൽ സർക്കാർ ആശുപത്രികളിൽ നടപ്പാക്കി വന്നിരുന്ന പദ്ധതിയാണ് ഇപ്പോൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിൻവലിച്ചിരിക്കുന്നത്. ഇതിനെതിരേ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രോഗികൾക്ക് ബ്രെഡും പാലും നൽകി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 40 ഓളം വാർഡുകളിലുള്ള 500 ലേറെ രോഗികൾക്കായി 1000 കവർ പാലാണ് ദിനംപ്രതി നൽകിയിരുന്നത്. ഇതുകൂടാതെ ബ്രഡും ബിസ്കറ്റും നൽകിയിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ പദ്ധതി നിർത്തലാക്കിയതിനെതിരേയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്.
അതേസമയം ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി പെട്ടെന്ന് നിർത്തലാക്കാൻ കാരണമെന്നാണ് സൂചന. ആരോഗ്യവകുപ്പ് ഓരോ വർഷവും ബ്രഡും പാലും പദ്ധതിക്കായി നിശ്ചിത ഫണ്ട് അനുവദിച്ചു വരികയാണ് പതിവ്.
തിരുവനന്തപുരം ജില്ലയിൽനിന്നും അന്യ ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി രോഗികളാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഇവർക്കുള്ള അടിസ്ഥാന ആവശ്യമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. പദ്ധതി നിർത്തലാക്കിയത് ആരോഗ്യവകുപ്പും സർക്കാരും പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.