ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
1337360
Friday, September 22, 2023 1:15 AM IST
മെഡിക്കൽ കോളജ്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പൂന്തുറ സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീ പിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക അനുമാനം. ബോണറ്റിൽനിന്ന് തീ ഉയർന്നതിനെ തുടർന്നു ഡ്രൈവർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയോടി.
തീ പിടിത്തത്തിൽ കാറിന്റെ ബോണറ്റിന്റെ ഭാഗം പൂർണമാ യും കത്തി നശിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷാജി ഖാൻ, ജയകുമാർ, സേനാംഗങ്ങളായ മോഹനൻ, വിമൽരാജ്, സാനു, ശ്രീരാജ് ആർ. നായർ, സനൽകുമാർ തുടങ്ങിയവർ ചേർന്നാണ് തീ കെടുത്തിയത്.