കോവളം: തിരുവനന്തപുരം പാച്ചല്ലൂരിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽനിന്നു കൊണ്ടുവന്ന 60 കിലോയോളം കഞ്ചാവ് പിടികൂടി. കടത്തുകാരും വാങ്ങാനെത്തിയവരുമായ നാല് യുവാക്കൾ കസ്റ്റഡിയിൽ. രണ്ട് ആഢംബര കാറുകളും എക്സൈസ് പിടികൂടി.
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ, കഞ്ചാവ് ഏറ്റുവാങ്ങാൻവന്നതും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയാണ് പാച്ചല്ലൂർ അഞ്ചാംകല്ലിൽനിന്നു പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംശയകരമായിക്കണ്ട കാറിനെപിന്തുടർന്ന എക്സൈസ് സംഘം പാച്ചല്ലൂരിൽനിന്ന് കടത്തുകാരെ പിടികൂടുകയായിരുന്നു.
പ്രതികളിലൊരാൾ മാസങ്ങൾക്കുമുൻപ് വിഴിഞ്ഞം പോലീസ് 55 കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഉൾപ്പെട്ടിരുന്നതായി വിവരം ലഭിച്ചു.
പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിനെയും പാർട്ടിയെയും കൂടാതെ സ്റ്റേറ്റ് എക് സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രജിത്ത്, ശരത്, മുഹമ്മദലി, കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവർ പങ്കെടുത്തു. ഗസറ്റഡ് ഉദ്യോഗസ്ഥനായ വി. സുഭാഷിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതികളുടെ ദേഹപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്.