എന്നും "മധു'രം...
1337132
Thursday, September 21, 2023 5:09 AM IST
മധു സാറിനെ ദൈവതുല്യമായി കണ്ട് ദൂരെ മാറി നിന്നിട്ടുള്ള ഒരാളാണ് ഞാൻ. ഇന്നും സാറിന്റെ മുന്നിൽ ഇരിക്കുവാൻ പോലും ഞാൻ ആളല്ല. സാറിന്റെ അരികിൽ എത്തുന്പോൾ ഉമാ സ്റ്റുഡിയോയിലെ പഴയ ജീവനക്കാരന്റെ മനസാണ് എനിക്ക്. സാറിന്റെ നവതിക്കു ഞാൻ നല്കുന്ന ഗുരുദക്ഷിണയാണ് അഭ്രപാളികളിലെ മധുരം'.. പ്രശസ്ത കാമറമാനും അഭ്രപാളികളിലെ മധുരം എന്ന ഡോക്യുമെന്ററിയുടെ സംവിധായകനും കാമറമാനും നിർമാതാവുമായ പുഷ്പൻ ദിവാകരന്റെ വാക്കുകളിൽ ഒരു ജന്മസാക്ഷാത്കാരത്തിന്റെ നിറവുണ്ട്.
മധുവിന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും നിറയുന്ന "അഭ്രപാളികളിലെ മധുരം' നാളെ വൈകുന്നേരം 6.45നു ടാഗോർ തീയറ്ററിൽ പ്രദർശിപ്പിക്കും. മധുവിന്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഫിലിം ഫ്രറ്റർണിറ്റിയും ഏഷ്യാനെറ്റും ചേർന്ന് സംഘടിപ്പിക്കുന്ന മധുമൊഴിയുടെ ഭാഗമായാണ് പ്രദർശനം. എട്ടുവർഷക്കാലം നീണ്ട മധുരമായ യാത്രയ്ക്കൊടുവിലാണ് മധു എന്ന മഹാനടനെ തന്റെ കാമറയിലൂടെ പുഷ്പൻ എന്ന പുഷ്പൻ ദിവാകരൻ സാക്ഷാത്കരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ പുളിയറക്കോണത്തെ ഉമാ സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പുഷ്പൻ ദിവാകരന്റെ തുടക്കം. പിന്നീട് ചെന്നൈയിലേക്കു പുഷ്പന്റെ പ്രവർത്തനം മാറി. മധുവിന്റെ ധാരാളം ചിത്രങ്ങളിൽ കാമറ അസിസ്റ്റന്റായും കാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മധുവിനൊപ്പം അനേകം വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുവാനുള്ള അവസരങ്ങളും ലഭിച്ചിട്ടുണ്ട്.
ഏതാണ്ട് പത്തുവർഷം മുന്പ് ഒരു പ്രമുഖ സ്വകാര്യ ചാനൽ ചലച്ചിത്രതാരം മധുവിന്റെ ജീവിതകഥ സംപ്രക്ഷേപണം ചെയ്തപ്പോൾ മധുവിനെ കുറിച്ചു പറയുവാൻ പുഷ്പൻ ദിവാകരന്റെയും ക്ഷണിച്ചിരുന്നു. പുഷ്പൻ ദിവാകരന്റെ വാക്കുകൾ കേൾക്കാം - മധുസാറിനെ പോലൊരു ഇതിഹാസത്തെക്കുറിച്ച് പറയുക. എനിക്കാകെ അന്പരപ്പായി. ഉള്ളിൽ നിറഞ്ഞുതുളുന്പുന്ന ഒരുപാട് ഓർമകൾ ഉണ്ട്. ചെന്നൈയിൽ ജെമിനി ഫ്ളാറ്റിൽ മധുസാർ താമസിച്ചിരുന്ന കാലത്ത്, കാമറ അസിസ്റ്റന്റായിരുന്ന എന്നെ കാമറയുടെയും മറ്റും കാര്യങ്ങൾ പറയുവാൻ അദ്ദേഹം ഫോണ് ചെയ്യുമായിരുന്നു. മധുസാറിന്റെ ഉള്ളിൽ എന്നോടൊരു പ്രത്യേകത ഉണ്ടെന്നു തോന്നിയിരുന്നു. പുറമേ പ്രകടമായിരുന്നില്ല.
1985-ൽ ദൂരദർശൻ തിരുവനന്തപുരത്ത് തുടങ്ങുന്ന കാലത്ത് ദൂരദർശനിലെ കാമറമാനായി നിയമനം ലഭിക്കുവാൻ എനിക്കു ഒരവസരം കിട്ടി. മൂന്നു വർഷത്തെ കാമറ പരിചയം തെളിയിച്ചാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ദൂരദർശനിൽ ജോലി ലഭിക്കും. അന്നെന്റെ വിവാഹം കഴിഞ്ഞിരുന്നു. ഒരു സ്ഥിര വരുമാനം അത്യാവശ്യവുമായിരുന്നു.
ജമിനി ഫ്ളാറ്റിൽ എത്തി ഞാൻ മധുസാറിനോടു കാര്യം പറഞ്ഞു. സാർ ആദ്യം പറഞ്ഞത് - "ശ്രീ പദ്മനാഭന്റെ കാശ് വാങ്ങുവാൻ തിടുക്കമായോ?’ എന്നാണ്. പിന്നീട് അദ്ദേഹം പറഞ്ഞു. "ജീവിതത്തിൽ എപ്പോഴും ഒരു ത്രില്ല് വേണം. മാധവൻ നായർ, മധുവായി മാറുന്നത് എങ്ങനെയാണെന്ന് നിനക്കറിയാമോ..?' കോളജ് ലക്ചറർ ഉദ്യോഗത്തിൽ സുരക്ഷിതമായിരിക്കാം എന്ന് കരുതി, സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാതിരുന്നെങ്കിൽ മലയാള സിനിമയിൽ ഇന്നൊരു മധു ഉണ്ടാകുമായിരുന്നോ..?. പിന്നീട് മധുസാർ പറഞ്ഞു. "നിന്റെ കലാജീവിതത്തിൽ വിജയിക്കുകയോ, വിജയിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ജീവിതത്തിൽ നമ്മൾ ഒരുപാട് ആഗ്രഹിക്കണം, സ്വപ്നം കാണണം.' ദൂരദർശനിലെ കാമറമാൻ ഉദ്യോഗത്തിനു ശ്രമിക്കണ്ട എന്നു ഞാൻ തീരുമാനിച്ചു. ഇക്കാര്യമാണ് ഞാൻ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞത്.
സംപ്രേക്ഷണം ചെയ്തപ്പോൾ ആണ് സാർ എന്റെ വാക്കുകൾക്കു നല്കിയ മറുപടി ഞാൻ കേട്ടത്. അവതാരകയായ പൂർണിമ ഇന്ദ്രജിത്തിനോട് പുഞ്ചിരിയോടെ മധുസാർ പറഞ്ഞു."പുഷ്പൻ എന്റെ സ്റ്റുഡിയോയിൽ സ്റ്റാഫായിരുന്നു. ഇവനെയും കൊണ്ട് ഞാൻ അമേരിക്കയിൽ പോയിട്ടുണ്ട് (ഉദയം പടിഞ്ഞാറ് എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ).
സിനിമയുടെ കാമറമാൻ ഒരു പക്ഷേ ഇടയ്ക്കു നാട്ടിലേക്കു മടങ്ങിയാലും ഇവൻ കാമറ കൈകാര്യം ചെയ്യുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതു സത്യമായി മാറി, കാരണം ഇന്ന് പുഷ്പൻ വലിയ കാമറമാനാണ്. മധുസാറിന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ലോകത്തിലെ ഏറ്റവും വലിയ അവാർഡ് കിട്ടിയ അനുഭൂതി. പബ്ലിസിറ്റി ആഗ്രഹിക്കാത്ത മധുസാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി എടുക്കുക വളരെ പ്രയാസകരമായിരുന്നു. എന്റെ നിരന്തര സ്നേഹനിർബന്ധത്തിനു ഒടുവിലാണ് അദ്ദേഹം സമ്മതിച്ചത്.
അമിതാബച്ചനും രജനികാന്തും കമലഹാസനും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മധുസാറിനൊപ്പം പ്രവർത്തിച്ച 57 പ്രശസ്തരുടെ ഓർമകൾ ശേഖരിച്ചിട്ടുണ്ട്.
നിർമാതാവ് ടി.ഇ. വാസുദേവൻ, പ്രഫ. ഒ.എൻ.വി കുറുപ്പ് ഉൾപ്പെടെ മണ്മറഞ്ഞ പ്രതിഭകളുടെ ഓർമകളും ഉണ്ട്. സീരിയൽ ഷൂട്ടിംഗുകൾക്കിടയിലാണ് ഡോക്യുമെന്ററി ചെയ്തത്. സമയത്തിന്റെയും മറ്റു കടന്പകൾ ഉണ്ടായിരുന്നു. എങ്കിലും എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷമാണ്, കൃതാർഥതയാണ് അഭ്രപാളികളിലെ മധുരം.
എസ്. മഞ്ജുളാദേവി