അരിക്കൊന്പൻ അഗസ്ത്യവനത്തിൽ ; നെയ്യാർ വന്യജീവി സങ്കേതത്തിലെ ടീം സജ്ജം
1300879
Wednesday, June 7, 2023 11:13 PM IST
കാട്ടാക്കട : അഗസ്ത്യവനത്തിൽ അതിഥിയായി എത്തിയ അരിക്കൊമ്പന്റെ നീക്കങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വനംവകുപ്പ് അധികൃതർ. ആന കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കുന്നതിന്റെ ദൃശങ്ങൾ പുറത്തുവിട്ടു.
തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘത്തിന്റെ നിരീ ക്ഷണത്തിലാണ് ഇപ്പോൾ അരിക്കൊന്പൻ. 10 വാച്ചർമാർ, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ, വെറ്ററിനറി സർജൻമാർ എന്നിവർ ആനയുടെ ആരോഗ്യം നിരീക്ഷിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, വനം എന്നിവയുടെ ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു വ്യക്തമാക്കി. പ്രാകൃതമായ ആവാസവ്യവസ്ഥയിൽ ഇടതൂർന്ന വനങ്ങളും ധാരാളം ജലലഭ്യതയും ഉണ്ട്. ആന സജീവമാണ്, നന്നായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സാഹു കൂട്ടിച്ചേർത്തു. അരിക്കൊമ്പന്റെ വനത്തിലെ ചിത്രവും അവർ പങ്കുവച്ചു.
ക്ഷീണതിനായതിൽ ആന അധികം ദൂരം സഞ്ചാരിക്കാനിടയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ആരോഗ്യം വീണ്ടെടുത്താൽ ആന എങ്ങോട്ടു നീങ്ങുമെന്നതാണ് ഇവരെ വലയ്ക്കുന്നത്. ആന നെയ്യാറിൽ എത്താൻ സാധ്യതയുണ്ടെന്ന് പലരും പറയുന്നു. അതിനാൽ തന്നെ റോഡിയോ കോളർ സിഗ്നലുകൾ പരിശോധിക്കുകയും ആനയുടെ യാത്ര നിരീക്ഷിക്കാനും നെയ്യാർ വന്യജീവി സങ്കേതത്തിലെ ടീം സജ്ജമായി ഇരിക്കുകയാണ്. കാലവർഷം ആരംഭിച്ചാൽ ആന ഏങ്ങോട്ട് യാത്ര ചെയ്യുമെന്നതും ഉദ്യോഗസ്ഥരെ കുഴയ്ക്കുകയാണ്.
കോതയാർ, അപ്പർ കോതയാർ വനത്തിലൂടെ നടന്ന് നെയ്യാറിലെത്താനാകും.അപ്പർ കോതയാറും നെയ്യാറും തമ്മിലുള്ള ആകാശ ദൂരം 10 കിലോമീറ്ററാണ്. മലനിരകളും കുത്തിറക്കവും കയറ്റവുമുള്ള ഇൗ സ്ഥലത്തുകൂടെ സഞ്ചരിച്ചാൽ അരിക്കൊന്പന് നെയ്യാർ വന്യജീവി സങ്കേതത്തിൽ എത്താം. അവിടെ നിന്നം നെയ്യാറിലെ ആന നിരത്തി വഴിയുള്ള ആനത്താരയുണ്ട്. ഇവിടെ ജനവാസകേന്ദ്രവും തോട്ടം മേഖലയുമാണ്. പേപ്പാറ വനത്തിലെ പാണ്ടിപ്പത്ത് ആനത്താരയാണ്.