തിരുവനന്തപുരം: ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റേയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രതിഭകളെ ആദരിച്ചു. രാജ്യത്തെ ബഹുസ്വരതയ്ക്കു മങ്ങൽ ഏല്പിച്ച് ഫാസിസ്റ്റ് രീതിയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നത് അപമാനമാണെന്ന് ചടങ്ങ് ഉദ് ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതക്കെതിരേ നാം മുന്നിട്ടിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാളയം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യത്തിൽ കവി പ്രഭാവർമ, മെഡിക്കൽ മേഖലയിൽ ഡോ. ജെ. ബനറ്റ് എബ്രഹാം, വിദ്യാഭ്യാസ രംഗത്ത് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് യോഹന്നാൻ എന്നിവർക്ക് പുരസ്കാരങ്ങൾ മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, ആലിച്ചൻ ആറൊന്നിൽ, സമദ് മേപ്രത്ത് എന്നിവർ പ്രസംഗിച്ചു. കെ. ജയവർമ സ്വാഗതവും കെ. പ്രസന്നൻ നന്ദിയും പറഞ്ഞു.