അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
1300684
Wednesday, June 7, 2023 12:11 AM IST
നെടുമങ്ങാട്: അസുഖ ബാധിതനായി മരണമടഞ്ഞ അതിഥിതൊഴിലാളിയുടെ മൃതദേഹം ജി. സ്റ്റീഫൻ എംഎൽഎയുടെയും സർക്കാർ സംവിധാനങ്ങളുടെയും കരുതലിൽ നാട്ടിലെത്തിച്ചു. ആസാം സ്വദേശി രഞ്ജന്റെ മൃതദേഹമാണ് നാട്ടിലേക്കയച്ചത്.
കുടുംബം പോറ്റാനായി സ്വന്തം നാടുവിട്ട് കേരളത്തിലെത്തിയതാണ് ആസാമിലെ കർബി അങ്ലോംഗ് ജില്ലയിലെ പർഗോവ ബസാർ സ്വദേശി രഞ്ജൻ പഠോർ. പല സ്ഥലങ്ങളിൽ ജോലി ചെയ്ത ശേഷമാണ് അടുത്ത നാളുകളിൽ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോടെത്തിയത്. എന്തുജോലിയും ചെയ്യുമായിരുന്നെങ്കിലും കൂടുതൽ താൽപര്യം കൃഷി അനുബന്ധ ജോലികളിലായിരുന്നു. ഇതിനിടയിൽ എപ്പോഴോ അസുഖബാധിതനായി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും കഴിഞ്ഞ ദിവ സം മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
ഭാര്യയും കുടുംബവും കാത്തിരിക്കുന്നുണ്ടെന്നും മൃതദേഹം നാട്ടിലെത്താനായി എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ടു സിപിഎം തൊളിക്കോട് ലോക്കൽ സെക്രട്ടറിയുടെ ചാർജുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാർ ജി. സ്റ്റീഫൻ എംഎൽഎയെ വിവരമറിയിച്ചത്. എംഎൽഎയുടെ വേഗത്തിലുള്ള ഇടപെടൽ ഉടനുണ്ടായി. ജില്ലാ ലേബർ ഓഫീസർ ബ്രിജിത് ജോസിനെ ബന്ധപ്പെട്ടു. എന്നാൽ, ബന്ധുക്കളെ കണ്ടെത്തുകയെന്ന കടമ്പ, ഒരു സ്ഥാപനത്തിലേയോ, ഒരാളിന്റെയോ കീഴിൽ ജോലി ചെയ്യുന്നയാളല്ല എന്ന ബുദ്ധിമുട്ട്, പോസ്റ്റ്മാർട്ടം തുടങ്ങിയ നടപടി ക്രമങ്ങളും എളുപ്പമായിരുന്നില്ല.
ജില്ലാ ലേബർ ഓഫീസചുമതലപ്പെടുത്തിയത് അനുസരിച്ച് നെടുമങ്ങാട് താലൂക്ക് ലേബർ ഓഫീസർ അരുൺ കാര്യങ്ങളെ കൃത്യമായി പിന്തുടർന്നു.
തുടർന്ന് പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എംബാം ചെയ്ത രഞ്ജന്റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് അയച്ചു.