ആര്യശാലയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം
1300454
Tuesday, June 6, 2023 12:17 AM IST
തിരുവനന്തപുരം: ചാല ആര്യശാലയിൽ തീപിടിത്തത്തിൽ അഞ്ച് കടകൾ പൂർണമായി കത്തിനശിച്ചു. സ്ഥാപനങ്ങൾക്ക് സമീപമുണ്ടായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണമായും ഒന്ന് ഭാഗികമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
കൂടുതൽ കടകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാൽ നാശനഷ്ടം കുറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ചാല ആര്യശാല ക്ഷേത്രത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ശിവകുമാർ കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് തീ ഉയർന്നത്. പിന്നീട് സമീപത്തെ ശ്രീകണ്ഠേശ്വര പവർ ടൂൾസ്, ശ്രീകൃഷ്ണ ഇലക്ട്രിക്കൽസ്, തായി ട്രേഡേഴ്സ്, പവർ ടൂൾസ് അറ്റകുറ്റപണി നടത്തുന്ന കട എന്നിവിടങ്ങളിലേക്ക് പടർന്നു.
ഇടുങ്ങിയ വഴിക്കുള്ളിലെ സ്ഥാപനത്തിലേക്ക് തീപടർന്നതോടെ കടയിലുണ്ടായിരുന്നവരും ജീവനക്കാരും പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു.
ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേർന്ന് ആദ്യം തീ കെടുത്താൻ ശ്രമിച്ചെങ്കിലും രാസപദാർത്ഥങ്ങളും സിന്തറ്റിക് സാധനങ്ങളുമായതിനാൽ തീ ആളിപ്പടർന്നു. കെമിക്കൽ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ച സ്ഥാപനത്തിലേക്ക് ഒരു ലോഡ് ബ്ലീച്ചിംഗ് പൗഡർ വന്നിരുന്നു. തീപിടിച്ച കെട്ടിടത്തിലാണ് കെമിക്കലുകൾ സൂക്ഷിക്കുന്ന ഗോഡൗണ് പ്രവർത്തിക്കുന്നത്. ബ്ലീച്ചിംഗ് പൗഡർ ഗുണനിലവാരമില്ലത്തതിനാൽ മാറ്റിയിട്ടതായായിരുന്നു.
തൊട്ടുടത്ത പവർ ടൂൾസ് കടയിലേക്കും തീ പടർന്നു. തീപിടിച്ച കെട്ടിടത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടത്തിലേക്കും തീ പടർന്നു സിന്തറ്റിക് ഡോറുകളടക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങളാണ് ഈ കെട്ടിടത്തിൽ. മുകളിലത്തെ നിലയിൽ ഇവരുടെ ഗോഡൗണുമുണ്ട്.