23.951 ഗ്രാം എംഡിഎംഎ സഹിതം യുവാക്കൾ പിടിയിൽ
1300178
Sunday, June 4, 2023 11:53 PM IST
കാട്ടാക്കട: കാട്ടാക്കടയിൽ 23.951 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കാട്ടാക്കട എക്സൈസിന്റെ നേതൃത്വത്തിൽ അമ്പലത്തിൻകാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്.
പാറച്ചൽ അമ്പലത്തിൻകാല കുന്നുവിള സുരേഷ് ഭവനിൽ നിവിൻ എസ്. സാബു (28) വിനെ 23.521 ഗ്രാം എംഡിഎംഎയുമായി ഇയാളുടെ വീടിനു മുന്നിൽ നിന്നും, പാറച്ചൽ അമ്പലത്തിൻകാല പൊട്ടരുകിൽ റോഡരികത്ത് വീട്ടിൽ സനു എന്ന കിരൺകുമാർ ( 29 ) നെ കാട്ടാക്കട കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 0.430 ഗ്രാം എംഡിഎംഎയും സ ഹിതവുമാണ് പിടികൂടിയത്.
എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇയാളുടെ ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു മാസമായി നിവിൻ എസ്. സാബു എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് കിരണിന്റെ അറസ്റ്റ്. ഇയാളുടെ മൊഴിയിലും നിവിന്റെ പേരു വന്നതോടെ എക്സൈസ് ഉടൻ തന്നെ നിവിന്റെ വീട്ടിലെത്തി വീടിനുമുന്നിൽ വച്ചുതന്നെ ഇയാളെ വളഞ്ഞു വച്ച് പിടികൂടുകയായിരുന്നു.
പന്നിമല സ്വദേശി സജിൻ സുകുമാരൻ എന്നയാളാണ് എറണാകുളത്ത് വച്ച് എംഡിഎംഎ കൈമാറിയതെന്ന നിവിന്റെ മൊഴി അനുസരിച്ച് ഇയാളെയും പ്രതി ചേർത്തു കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഏഴുവർഷമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി നിവിൻ രണ്ടു വർഷമായി എംഡിഎംഎ ഉപയോഗവും വൻ തോതിൽ വിൽപ്പനയും നടത്തി വരുകയായിരുന്നു. ഇയാൾ വളരെ രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്നതിനാലാണ് പിടിക്കപ്പെടാതെ ഇരുന്നത്. രണ്ടുപേരും ജില്ലയിലെ ലഹരിമാഫിയയുടെ ചങ്ങലയിലെ കണ്ണികളാണെന്നും എക്സൈസ് പറഞ്ഞു. സ്കൂൾ കോളജ് കുട്ടികൾക്കാണ് ഇവ വിൽക്കുന്നത്. കോളജ് പെൺകുട്ടികൾക്കും ഇതു നൽകാറുണ്ടെന്നും ഇവർ സമ്മതിച്ചു. എക്സൈസ് ഉദ്യോഗ സ്ഥർ ഇവരുടെ ചങ്ങല കണ്ണികളെ നിരീക്ഷിച്ചു വരികയാണ്.
എക്സൈസ് ഇൻസപെക്ടർ സി.എൻ. മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർ, ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റെ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
കാട്ടാക്കട കേന്ദ്രീകരിച്ചു ലഹരിവിൽക്കുന്നവരും പ്രത്യേകിച്ചും രാസലഹരി വിൽക്കുന്നവരും പെരുകി വരികയാണ്. അടുത്തിടെ 20 ളം അറസ്റ്റാണ് ഇവിടെ നടന്നിരിക്കുന്നത്.