സമ്പന്നമായ കാട് ദരിദ്രമാകുന്നു; കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്
1300177
Sunday, June 4, 2023 11:53 PM IST
കാട്ടാക്കട: ഇന്ന് ലോക പരിസ്ഥിതി ദിനം. ആ ദിനത്തിൽ മാറിയ പാരിസ്ഥിതിക വ്യതിയാനത്തിൽ ദുരിതമനുഭവിക്കുന്ന കൂട്ടരായി മനുഷ്യരും മൃഗങ്ങളും. കാട്ടിൽനിന്നും മാനുകളും കാട്ടാനകളും പിന്നെ കുരങ്ങന്മാരും നാട്ടിലെത്തുന്നതും നാശം വിതയ്ക്കുന്നതും പതിവായതോടെ വ്യതിയാനത്തിന്റെ ഇരകളായി നാട്ടുകാർ മാറുന്നു.
ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന മാനുകളെയും കാട്ടാനകളെയുംകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് നിവാസികൾ. വനത്തിന്റെ താഴ്വാരത്തെത്തി വിക്രിയകൾ കാട്ടി മടങ്ങുന്ന മാനുകൾക്കു പിന്നാലെ ആനകൾകൂടി വരുന്നതോടെ പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്.
അടുത്തിടെ വനത്തിൽനിന്നും നാട്ടിലിറങ്ങിയ ആന ഭക്ഷണം തേടിയാണു വന്നത്. അടുത്തിടെയാണ് ഒരു റബർ എസ്റ്റേറ്റ് പരിസരത്ത് ആറംഗ മാൻകൂട്ടം എത്തിയത്. പാലമൂട്, അഞ്ചുനാഴിത്തോട് എന്നിവ വഴി എത്തിയ കാട്ടാനകൾ വനംകടന്ന് അടുത്തുള്ള പറക്കോണം ഭാഗത്തു തമ്പടിച്ചശേഷം മൂന്നു ദിവസമാണ് തങ്ങിയത്.
അവിടുത്തെ കൃഷി ഉൾപ്പടെ നശിപ്പിച്ച ആനക്കൂട്ടം മടങ്ങിയത് നിരവധി നാശനഷ്ടം വരുത്തിയ ശേഷമാണ്. കാട്ടാനകളെ വിരട്ടിവിടാൻ ചെയ്ത പണികളൊന്നും ഏശിയില്ല. ഒടുവിൽ വീടുകളിൽ നിന്നും മാറിനിൽക്കേണ്ട അവസ്ഥവന്നു നിവാസികൾക്ക്.
കഴിഞ്ഞ കുറേ ദിവസങ്ങളായി കൂട്ടമായി മാനുകളും എത്തുന്നുണ്ട്. പുലർച്ചെയാണ് ഇവ എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവറ്റകൾ ആദ്യം കണ്ണുവയ്ക്കുന്നതു കൃഷി ഭൂമിയിലാണ്. കപ്പ, വാഴ, തുടങ്ങി എന്തിലും ആക്രമണം നടത്തുന്ന കാട്ടുമൃഗങ്ങൾ വൻ നാശമാണ് വരുത്തിവയ്ക്കുന്നത്.
മണിക്കൂറുകളോളം തമ്പടിക്കുന്ന മൃഗങ്ങൾ പ്രദേശവാസികളുടെ ജീവനുവരെ ഭീഷണിയായിരിക്കുകയാണ്. ആനകൾ വന്നാൽ മാറി നിൽക്കണ്ടി വരുന്ന അവസ്ഥയാണ് നാട്ടുകാർക്ക്. കാടിറങ്ങുന്ന കാട്ടാനകൾ നിരവധി പേരെയാണ് കൊന്നിട്ടുള്ളത്.
കഴിഞ്ഞ 10 വർഷത്തിനിടെ 12 പേരെ കാട്ടാനകൾ കൊന്നു. നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. കുരങ്ങുകളാണ് ഭീതി നൽകുന്ന മറ്റൊരു ശല്യം. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് കുരങ്ങൻമാർ ഈ ഭാഗങ്ങൾ വളയുന്നത്. കുരങ്ങുകൾ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ പ്രദേശത്ത് ഒന്നും ബാക്കിയുണ്ടാകില്ലെന്നു നാട്ടുകാർ പയുന്നു.
വീട്ടിനകത്ത് കയറി ആഹാരസാധനങ്ങൾ നശിപ്പിക്കുക, വസ്ത്രങ്ങൾ എടുത്ത് കൊണ്ടുപോകുക, ഓട് മേഞ്ഞ വീടാണെങ്കിൽ ഓടു പൊട്ടിച്ചെറിയുക, എതിർക്കാൻ വരുന്നവരെ ആക്രമിക്കുക തുടങ്ങി എന്തും ചെയ്യുകയാണ് കുരങ്ങുകളുടെ പണി.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആക്രമിക്കാൻ മുതിർന്നതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. കാർഷിക വിളകൾ നശിപ്പിക്കുന്നതും ഇവറ്റകളുടെ പതിവ് പരിപാടിയാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിനു സമീപത്താണ് ഈ ഗ്രാമങ്ങൾ. 450 ഏക്കറോളം വിസ്തൃതിയുള്ള ജയിൽ കോമ്പൗിൽ കുരങ്ങൻമാർ താവളമുറപ്പിച്ചിട്ടുണ്ട്.
നെയ്യാർ വനത്തിൽ നിന്നാണ് ഇവിടെ കുരങ്ങൻമാർ എത്തിയതും താവളമുറപ്പിച്ചതും. ഇവിടെ നിന്നാണ് കുരങ്ങൻമാർ ഗ്രാമങ്ങളിൽ എത്തി അതിക്രമങ്ങൾ കാട്ടുന്നത്. തേങ്ങ പറിക്കലാണ് കുരങ്ങൻമാരുടെ മറ്റൊരു വിനോദം. ഇവിടുത്തെ ഒരു തെങ്ങിലും തേങ്ങയോ, കരിക്കോ കാണാറില്ല.
വനത്തിലെ മാറിയ അവസ്ഥയാണ് മൃഗങ്ങൾ കൂട്ടമായി നാട്ടിലിറങ്ങുന്നതിന് കാരണം. വനത്തിൽ ഇവയ്ക്കു വേണ്ട ഭക്ഷണം കിട്ടാറില്ല. ആനകളുടെ ഇഷ്ടയിനമായ മുള നശിച്ചു. ഈറ്റക്കാടുകൾ പാടെ തീർന്നു. പുതിയ കാടുകൾ തിളർക്കാറില്ല.
കാട്ടിൽ സാമൂഹ്യവനവത്കരണമെന്ന പേരിൽ യൂക്കാലി വച്ചുപിടിപ്പിക്കുന്നതു മൂലം വെള്ളം കൂടി കിട്ടാതാകും. അവിടെ മൃഗങ്ങൾക്കു വേണ്ട സസ്യങ്ങൾ പൂവിടാറുമില്ല. കാട്ടുതീ പടർന്നതുകാരണം വനത്തിലെ പുൽമേടുകൾ നശിച്ചു.
വനത്തിലെ അമിതമായ ചൂടുമൂലം ജലത്തിന്റെ ഉറവിടങ്ങൾ പോലും നാശത്തിന്റെ വക്കിലായി. മൃഗങ്ങൾക്കു തീറ്റയ്ക്കുതകുന്ന സസ്യങ്ങൾ വച്ചുപിടിപ്പിക്കാനുള്ള യാതൊരു നടപടികളും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെ ന്നും ആക്ഷേപമുണ്ട്.