അഡ്രീനൽ വെയിൻ സാംപ്ലിംഗ് പരിശോധന മെഡി.കോളജിലും
1299904
Sunday, June 4, 2023 7:01 AM IST
മെഡിക്കൽ കോളജ്: അമിത രക്തസമർദത്തിനു കാരണമാവുന്ന ആൾഡോസ്റ്റീറോൺ ഹോർമോണിന്റെ ആധിക്യം സ്ഥിരീകരിച്ച രോഗികളിൽ ഹോർമോണിന്റെ ഉറവിടം കണ്ടെത്താനുള്ള അഡ്രീനൽ വെയ്ൻ സാംപ്ലിംഗ് പരിശോധന മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി.
ആറു കോടി രൂപ ചെലവഴിച്ച സ്ഥാപിച്ച ഡിജിറ്റൽ സബ് ട്രാക്ഷൻ ആൻജിയോഗ്രാഫി മെഷീനിലൂടെയാണ് പരിശോധന നടക്കുന്നത്. സാധാരണ നിലയിൽ ഇത്തരം പരിശോധനകൾക്കായി മുംബൈയിലെയും ഡൽഹിയിലെയും ആശുപത്രികളെയാണ് രോഗികൾ ആശ്രയിച്ചിരുന്നത്. അഡ്രിനൽ ഗ്രന്ഥികളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ പ്രസ്തുത ഗ്രന്ഥിയിൽ നിന്നും വരുന്ന രക്തം, പൊതുവായ രക്തത്തിൽ കലരുന്നതിനുമുമ്പ് സൂക്ഷ്മ രക്തധമനിയിൽ നിന്നും കത്തീറ്റർ വഴി നേരിട്ട് പരിശോധനയ്ക്ക് എടുത്ത് ഇതിൽ ഹോർമോണുകളുടെ അളവ് നിശ്ചയിച്ചാണ് ആൾഡോസ്റ്റീറോണിന്റെ ഉറവിടം കണ്ടെത്തുന്നത്.
പരിശോധനാ ഫലം അനുസരിച്ചാണ് അഡ്രീനൽ ഗ്രന്ഥിയുടെ ശസ്ത്രക്രീയ വേണോയെന്ന് നിശ്ചയിക്കുന്നത്. ഡോ.എ. പ്രവീൺ, ഡോ. അജയ് അലക്സ്, പി.ആർ. ശ്രീപ്രിയ, ഡോ. ജോൺ എന്നിവർ ചേർന്നാണ് ആദ്യമായി രോഗിയിൽ സങ്കീർണ പരിശോധന നടത്തിയത്.
എൻഡോക്രൈനോളജി വിഭാഗത്തിൽനിന്ന് ഡോ. അഭിലാഷ്, ഡോ. സാന്ദ്ര, ഡോ. അർച്ചന എന്നിവരും പരിശോധനയുടെ ഭാഗമായി.