ജനജീവിതം ദുരിതമാക്കി അനധികൃത പന്നിഫാമുകൾ: കണ്ണടച്ച് അധികൃതർ
1299896
Sunday, June 4, 2023 6:57 AM IST
കാട്ടാക്കട : അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങൾ ഒരു പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. നാടാകെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകുമ്പോഴും ഒരു പ്രദേശത്തെ ആളുകൾ ജീ വിക്കുന്നത് തീർത്തും ദുരിതപൂർ ണമായ സാഹചര്യത്തിൽ.
മാലിന്യം നിറഞ്ഞ വെള്ളവും വായുവും ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ് പൂവച്ചൽ പഞ്ചായത്തിലെ കട്ടക്കോട്, കരിങ്കോട്, പാറാംകുഴി, കാപ്പിക്കാട് പ്രദേശവാസികൾ. നാട്ടുകാർ സംഘടിച്ച് ഉന്നത അധികൃതകർക്ക് പരാതികൾ നൽകിയിട്ടും പന്നി ഫാമിന്റെ പ്രവർത്തനത്തക്കുറിച്ച് അന്വേഷിക്കാൻ പോലും നടപടി ഉണ്ടായില്ല. എതിർക്കുന്നവരെയും പരാതി കൊടുക്കുന്നവരെയും ഫാം ഉടമകൾ ഭീഷണിപ്പെടുത്തുകയാണെ ന്നാണ് ആരോപണം. പരാതിയെ തുടർന്ന് വാർത്ത ചിത്രീകരിക്കാൻ എത്തിയവർക്ക് നേരെയും ഫാം ഉടമയുടെ ബോഡി ഷോയും വെല്ലുവിളിയും ഉണ്ടായി. കട്ടക്കോട് പ്രദേശത്ത് 20ലധികം അനധികൃത പന്നിഫാമുകൾ ആണുള്ളത്. വീട്ടുവളപ്പിലും പരിസരത്തും ഷെഡുകൾ കെട്ടി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രങ്ങൾക്ക് ഭൂരിഭാഗത്തിനും മതിയായ ലൈസൻസുമില്ല. തിരുവനന്തപുരം നഗരത്തിലെ അറവുശാലകളിൽ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും മാംസങ്ങളും കുന്നുകൂടി പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്.
നഗരത്തിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പമുള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക വിശ്വസിച്ചു നാട്ടുകാർക്ക് ശ്വാസകോശ രോഗങ്ങളും പടരുന്നു. വീട്ടിൽ അഞ്ചു പന്നികളെ വരെ വളർത്താൻ ലൈസൻസ് വേണ്ടെന്ന നിയമത്തിന്റെ മറവിലാണ് നൂറിലേറെ പന്നികളെ വളർത്തുന്നത്.
പാറാംകുഴി, കരിയംങ്കോട് പ്രദേശത്തുള്ള 27 വീട്ടിൽ 14 എണ്ണത്തിലും ഫാമുകൾ. ഓരോ ഫാമിലും 100 ലേറെ പന്നികൾ. ഓരോ വീട്ടുകാർക്കും സ്വന്തമായി ഉള്ളത് ശരാശരി 10 മുതൽ 15 സെന്റുവരെ ഭൂമി. മുന്നറിപ്പു നൽകി പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അഞ്ചിൽ കൂടുതലുള്ള പന്നികളെ സ്ഥലത്തുനിന്ന് മാറ്റുകയാണ് പതിവ്. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും ചില ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് ഇവർ ആരെയും വകവയ്ക്കാതെ പൊതു സമൂഹത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
മഴക്കാലമായതോടെ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതമായി. കിണറുകളിൽ മലിനജലം ഒഴുകിയെത്തിയിരിക്കുകയാണ്. ജലസ്രോതസുകൾ മുഴുവനും മലിനപ്പെട്ടു. ഫാമിനു സമീപത്തു കുഴിവെട്ടി മലിനജലം കെട്ടി നിർത്തിയിരിക്കുന്നതുമൂലം പ്രദേശത്ത് രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്. കുട്ടികളിലും മുതിർന്നവരിലും പോലും ത്വക്ക് രോഗങ്ങൾ വ്യാപകമായിരിക്കുകയാണ്.