ലയോള സ്കൂളിൽ ആദ്യമായി പെണ്‍കുട്ടികളെത്തി
1299339
Thursday, June 1, 2023 11:58 PM IST
തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിൽ ഇനി വളകിലുക്കവും. 62 വർഷം മുന്‍പു പ്രവർത്തനമാരംഭിച്ച സ്കൂളിൽ ആദ്യമായി പെണ്‍കുട്ടികളെത്തി. ഒന്നാം വർഷം ഹയർ സെക്കൻഡറി ക്ലാസുകളിൽ പെണ്‍കുട്ടികൾക്കു പ്രവേശനം നൽകിയാണ് സ്കൂൾ ചരിത്രം കുറിച്ചത്.
സ്കൂൾ കവാടത്തിലെത്തിയ പെണ്‍കുട്ടികളെ സ്കൂൾ പ്രിൻസിപ്പലും വിശിഷ്ടാതിഥികളും ചേർന്നു സ്വീകരിച്ചു. പ്രവേശനം നേടിയ 120 വിദ്യാർഥിനികളെ സ്കൂൾ ബാൻഡിന്റെ അകന്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികൾ കടന്നു വന്നതോടെ ഓഡിറ്റോറിയത്തിൽ കാത്തു നിന്ന നൂറുകണക്കിന് ആണ്‍കുട്ടികൾ കരഘോഷം മുഴക്കി സഹപാഠികളെ ലയോളയിലേക്കു സ്വീകരിച്ചു.
അങ്ങനെ ആറു പതിറ്റാണ്ടിലേറെ ആണ്‍കുട്ടികളുടെ വിദ്യാലയമായി അറിയപ്പെട്ടിരുന്ന തലസ്ഥാനത്തെ പ്രശസ്ത വിദ്യാലയമായ ലയോള സ്കൂൾ മിക്സഡ് സ്കൂൾ ആയി. ലിംഗ സമത്വം എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് പെണ്‍കുട്ടികൾക്കും പ്രവേശനം നൽകിയത്.
സ്കൂൾ പ്രവേശനോത്സവം സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽമാരായ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, ഫാ. റോയ് അലക്സ് എസ്ജെ, ലയോള കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. സാബു മര്യനാട്, പ്രഫസർമാരായ ഫാ. സജി, ഫാ. രഞ്ജിത്ത്, ലോബ പ്രസിഡന്റ് രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് രാകേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.