പ്രവേശനോത്സവ ഒരുക്കങ്ങള് ഉഷാര്; നെയ്യാറ്റിന്കര ബിആര്സിയുടെ പരിധിയില് 1177 നവാഗതര്
1298785
Wednesday, May 31, 2023 4:27 AM IST
നെയ്യാറ്റിന്കര : നെയ്യാറ്റിന്കര താലൂക്കിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള് പൂര്ത്തിയായി. നഗരസഭ തല പ്രവേശനോത്സവത്തിന് നെയ്യാറ്റിന്കര ഗവ. ജെബിഎസ് ആതിഥേയത്വം വഹിക്കും.
എല്ലാ വിദ്യാലയങ്ങളിലുമായി 1177 പേര് പ്രവേശനം നേടിയതായി അധികൃതര് അറിയിച്ചു.പ്രവേശനോത്സവ ദിനമായ നാളെ അഡ്മിഷന് നേടാന് തയാറെടുത്തിരിക്കുന്നവരുടെ എണ്ണം കൂടി ഇതിനോടൊപ്പം ചേര്ക്കുന്പോള് മാത്രമേ പൂര്ണ ചിത്രം തെളിയുകയുള്ളൂ. ബിആര്സിതല പ്രവേശനോത്സവം തിരുപുറം ഗവ. എല്പിഎസ്സില് കെ. ആന്സലന് എംഎല്എ ഉദ്ഘാടനം ചെയ്യും.
സ്കൂളുകളെല്ലാം പ്രവേശനോത്സവ ചടങ്ങ് പരമാവധി ആകര്ഷകമാക്കാനുള്ള ഒരുക്കങ്ങളിലാണ്. പരിസരം വെടിപ്പാക്കിയും ക്ലാസ് മുറികള് ശുചീകരിച്ചും കെട്ടിടങ്ങള് നിറം പിടിപ്പിച്ചുമൊക്കെ വലിയ തയാറെടുപ്പുകളാണ് പൂര്ത്തിയാക്കിയിട്ടുള്ളത്. ഇന്നും കൂടിയാകുന്പോള് വിദ്യാലയങ്ങള് നവാഗതരെയും സഹവിദ്യാര്ഥികളെയും സ്വീകരിക്കാന് സുസ്സജ്ജമാകും.