ചാവടിമുക്ക് - മണ്വിള റോഡിൽ മഴയത്ത് ചെളിയിൽ നീന്താം, മഴയില്ലെങ്കിൽ പൊടി തിന്നാം
1297914
Sunday, May 28, 2023 3:06 AM IST
തിരുവനന്തപുരം: പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡിന്റെ പകുതി ഭാഗം വെട്ടിപ്പൊളിച്ചതോടെ ചാവടിമുക്ക് മുതൽ സിഇടിവരെയുള്ള റോഡിൽ മഴ പെയ്താൽ ചെളിയിൽ നീന്തിക്കയറാം. മഴയില്ലെങ്കിൽ പൊടിയിൽ കുളിച്ച് പോകാം.
റോഡ് പൊളിച്ചിട്ട് മാസം മൂന്നായി. ഏഴ് ആളെ വച്ച് റോഡു കുഴിക്കുകയും ബസ് വഴി തിരിച്ചുവിടുകയും ചെയ്തതോടെ നാട്ടുകാർ ഇടപെട്ടു. പിന്നീട് കൂടുതൽ പേരെ ജോലിക്കു നിർത്തി പണി തുടങ്ങിയതോടെ പൈപ്പ് പൊട്ടലിന്റെ നാളുകളായി. കൂടുതൽ പേരെ നിർത്തി രണ്ടുമാസം കൊണ്ട് മൂക്കാൽ കിലോമീറ്റർ റോഡ് പൊളിച്ച് പൈപ്പിട്ടു. പണി തീർന്നിട്ടും കുഴിച്ച മണ്ണ് നീക്കം ചെയ്തില്ല. ഓടയുടെ ദ്വാരങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ മഴയത്ത് റോഡിൽ വെള്ളം ഉയർന്നു.
വീണ്ടും നാട്ടുകാർ പ്രതിഷേധവുമായെത്തിയപ്പോൾ കുഴിച്ച ഇടങ്ങളിൽ കോണ്ക്രീറ്റിട്ടു. റോഡിലെ മണ്ണ് ഇനിയും പൂർണമായി മാറ്റിയിട്ടില്ല. അതിനാൽ മഴ പെയ്താൽ റോഡിൽ വെള്ളം ഉയരും. ചെറുമഴ പെയ്താൽ റോഡ് തോടാകും. ഇരുചക്രവാഹന യാത്രക്കാർ ചെളിയിൽ കുളിക്കും. വാഹനങ്ങളിൽ ചെളി നിറയും. പൊടി കാരണം ഓട്ടോ തൊഴിലാളികളിൽ പകുതിപേരും അസുഖബാധിതരായി. മത്സ്യവില്പനക്കാരികൾ പനിപിടിച്ച് ആശുപത്രിയിലായി. ഒരു മാസം വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. കടകൾ തുറന്നതോടെ വ്യാപാരികളും ശ്വാസകോശ രോഗബാധിതരായി.
മഴ പെയ്താൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നു. റോഡിൽ ഇറങ്ങിയാൽ യാത്രക്കാർ ചെളിയിൽ വീഴുന്നു. അടുത്തയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾ ദുരിതത്തിലാകും.
3500 വിദ്യാർത്ഥികൾ പഠിക്കുന്ന സിഇടി, ടെക്നിക്കൽ ഹൈസ്കൂൾ, എനർജി മാനേജ്മെന്റ് സെന്റർ എന്നീ സ്ഥാപനങ്ങൾ റോഡ് തകർന്നു കിടക്കുന്ന മുക്കാൽ കിലോമീറ്ററിനുള്ളിലാണ്. അദാനി സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് റോഡ് കുഴിച്ചത്. നിർമാണക്കാരും മേൽനോട്ടക്കാരും ഹിന്ദിയിൽ മാത്രം സം സാരിക്കും. ഉപകരാർ എടുത്ത സ്ഥാപനം വടക്കൻ കേരളത്തിലാണെന്നു പറയുന്നു. വഴുതക്കാട് പോലീസ് ഹെഡ്ക്വാർട്ടേഴ്സിനെതിരേയുള്ള കന്പനി ഓഫീസിൽ പോയി പറയാൻ മേൽനോട്ടക്കാർ പറയുന്നു.
തുടരുന്നത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ മഴ പെയ്താൽ റോഡ് വെള്ളക്കെട്ടായ മേഖലയാണ് ചാവടിമുക്കു മുതൽ സിഇടിവരെയുള്ള റോഡ്. ഇത്രയും ദൂരം ഒരു കോടിയോളം രൂപ ചെലവിൽ ഓട നിർമിച്ചു തീർത്തത് കഴിഞ്ഞവർഷമാണ്.
ചാവടി മുക്കുമുതൽ എനർജി മാനേജ്മെന്റ് സെന്റർവരെ റോഡിനു കിഴക്കു ഭാഗത്ത് ഓടയില്ല. അവിടെ റോഡരിക് മൂന്നു മുതൽ നാലടിവരെ മണ്ണിട്ട് ഉയർത്തി തടി, കരിക്കിൻതൊണ്ട് എന്നിവ നിക്ഷേപിച്ച് മഴ വെള്ളത്തിന്റെ ഒഴുക്ക് തടയുന്നു. പല തവണ അറ്റകുറ്റപ്പണി കടന്നു പോയിട്ടും മണ്ണ് നീക്കാതെ റോഡ് തകരാൻ വഴിയൊരുക്കുന്നതായി സിഇടിയിലെ സിവിൽ വിഭാഗം ഗവേഷകർ ആരോപിക്കുന്നു.
3500 എൻജിനിയറംഗ് വിദ്യാർഥികൾ, എൻജിനിയറിംഗ് പഠിപ്പിക്കുന്ന 350 ഓളം അധ്യാപകർ, അവരുടെ സഹായികളായ 350 ഓളം ജീവനക്കാർ ഇത്രയും വലിയ എൻജിനിയറിംഗ് സമൂഹത്തെയാണ് പൊതുമരാമത്ത് വകുപ്പിലെ ഒരു എക് സിക്യൂട്ടീവ് എൻജിനിയറും അസിസ്റ്റന്റ് എൻജിനീയറും കൃത്യനിർവഹണം നടത്താതെ നരകിപ്പിക്കുന്നത്. വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെടണമെന്നാണ് സിഇടിയിലെ അധ്യാപകരും വിദ്യാർഥി കളും ആവശ്യപ്പെടുന്നത്.