ഹയർ സെക്കൻഡറി പരീക്ഷാ ഫലം 2898 പേർക്ക് ഫുൾ എപ്ലസ്
1297344
Thursday, May 25, 2023 11:45 PM IST
ജില്ലയിൽ 78.31 ശതമാനം വിജയം
തിരുവനന്തപുരം: ഹയർസെക്ക ൻഡറിയിൽ ജില്ലയിൽ 78.31 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 32124 വിദ്യാർഥികളിൽ 25157 പേർ ഉപരിപഠനയോഗ്യത നേടി. ഇതിൽ തന്നെ 2898 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടത്തിനും അർഹരായി. സംസ്ഥാനതലത്തിൽ വിജയശതമാനത്തിൽ തിരുവനന്തപുരം 12-ാം സ്ഥാനത്താണ്. ജില്ലയ്ക്ക് പിന്നിലുള്ളത് വയനാടും പത്തനംതിട്ടയും മാത്രം. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 62 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് ഇതിൽ 36 പേർ ഉപരിപഠനയോഗ്യത നേടി. വിജയശതമാനം 58.06. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടവും ലഭിച്ചു.
ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ ആകെ പരീക്ഷയെഴുതിയ 703 പേരിൽ 310 വിദ്യാർഥികളാണ് ഉപരിപഠനാർഹരായത്. 44.10 ശതമാനം വിജയം. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ ഒരുവിദ്യാർഥിക്കുപോലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മിന്നും വിജയം സ്വന്തമാക്കി. 838 വിദ്യാർഥികളാണ് പട്ടം സെന്റ് മേരീസ് സ്കൂളിൽ ഇക്കുറി പരീക്ഷ എഴുതിയത്. ഇതിൽ 95 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം ലഭിച്ചു. 45 വിദ്യാർഥികൾ അഞ്ചു വിഷയത്തിന് എപ്ലസ് നേട്ടത്തിന് ഉടമകളായി.വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 2866 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 2321 പേരാണ് ഉപരിപഠനയോഗ്യത നേടിയത്. വിജയശതമാനം 80.98. കഴിഞ്ഞ വർഷം 85.14 ശതമാനമായിരുന്നു വിജയം .