മഴയ്ക്കും വെയിലിനും വിട: കുടചൂടി ഹരിതകർമ്മ സേന
1283269
Saturday, April 1, 2023 11:18 PM IST
പേരൂർക്കട: മഴയിൽ നിന്നും വെയിലിൽ നിന്നും ഇനി മുതൽ ഹരിതകർമ്മ സേന പ്രവർത്തകർക്ക് മോചനം.
ശാസ്തമംഗലം കൗൺസിലർ എസ്.എസ്. മധുസൂദനൻ നായരാണ് തന്റെ വാർഡിലെ 19 ഹരിതകർമ്മ സേന പ്രവർത്തകർക്ക് തലയിൽ വെയ്ക്കാനുള്ള കുടകൾ നൽകിയത്. വരുന്ന രണ്ടു മാസങ്ങൾ കടുത്ത വേനലായതിനാൽ തൊഴിലാളികൾക്ക് ചൂടിൽനിന്ന് ഇവ സംരക്ഷണം നൽകും. ലയൺസ് റോയൽ ഇന്റർനാഷണലാണ് കുടകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഒപ്പം ഹരിതകർമ്മ സേന പ്രവർത്തകർക്കും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർക്കും കൗൺസിലർ പോഷകാഹാര വിതരണവും നടത്തി. പുഴുങ്ങിയ മുട്ട, പുഴുങ്ങിയ ഏത്തൻപഴം, ഹോർലിക്സ് കലർത്തിയ പാൽ എന്നിവയാണ് വിതരണം ചെയ്തത്. ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് കെ. അജിത്കുമാർ, അംഗങ്ങളായ മുരുകേഷ്, കേണൽ ആർ.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശുചീകരണ തൊഴിലാളികൾക്കും കുടകൾ നൽകുമെന്നു കൗൺസിലർ അറിയിച്ചു.