വിശ്വാസോത്സവം നാളെ മുതൽ ആരംഭിക്കും
1283254
Saturday, April 1, 2023 11:16 PM IST
അമ്പൂരി : അമ്പൂരി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശ്വാസോത്സവം ബെറാ ഖാ 2 കെ 23 നാളെ മുതൽ ആരം ഭിക്കും. മൂന്നു മുതൽ അഞ്ചുവരെയും 10 മുതൽ 16 വരെയുള്ള തീയതികളിലും ദിവസവും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും വിശ്വാസോത്സവം നടത്തുകയെന്ന് വികാരി ഫാ.ജേക്കബ് ചീരംവേലിൽ അറിയിച്ചു. വിശ്വാസോത്സവത്തിൽ കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, ക്ലാസ് , കൗൺസലിംഗ്, ഗ്രൂപ്പ് ആക്ടിവിറ്റീസ്, ഗ്രൂപ്പ് ഗെയിംസ്, സ്നേഹവിരുന്ന്, വിശ്വാസ പ്രഘോഷണ റാലി , സഭാത്മക എക്സിബിഷൻ മുതലായവ ഉണ്ടായിരിക്കും. വികാരി ഫാ.ജേക്കബ് ചീരംവേലിൽ, അസിസ്റ്റന്റ് വികാരി ഫാ. ടോമിൻ കിഴക്കേത്തലയ്ക്കൽ, ബ്രദർ പോൾ കുന്നമ്പള്ളിൽ , ബ്രദർ സഞ്ജയ് ഷിബു ചൂരലോനിക്കൽ,ബ്രദർ ടോം ജോസ് കുളവേലിൽ, ബ്രദർ സാജൻ വെട്ടുകല്ലേൽ എന്നിവർ നേതൃത്വം നൽകും.
പച്ചയിൽ പകൽ പൂരം ഇന്ന്
പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പകൽ പൂരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുടമാറ്റം, കഴകളും നാഗപത്തിയും സ്വർണ്ണ കുടയും തട്ടുകുടയും വെൺചാമരവും തലേക്കെട്ടും കോലവും ഉൾപ്പെടെ മൂന്നു മണിക്കൂർ പൂരമാണ് നടക്കുന്നത്. ഗജരാജാക്കൻമാരായ പുത്തൻകുളം അനന്തപത്മനാഭൻ ,പുത്തൻകുളം മോദി, പുത്തൻകുളം കേശവൻ, പുത്തൻകുളം അർജുനൻ ,ഉണ്ണിമങ്ങാട് ഗണപതി എന്നീ ഗജവീരൻമാർ പൂരത്തിന് മാറ്റേകും. പാറമേക്കാവ് ദേവസ്വം ഇലഞ്ഞിത്തറമേള പ്രമാണി കീഴ്ക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ അൻപതിൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം പൂരത്തിന്റെ പ്രധാന ആകർഷണമാകും. ഉച്ചക്ക് മൂന്നിന് ആനയൂട്ട് നടക്കും.നാലിന് ആരംഭിക്കുന്ന പകൽ പൂരം പന്തളം വലിയകോയിക്കൽ രാജപ്രതിനിധി ശശികുമാർ വർമ്മ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 6.30ന് സോപാന സംഗീതം, പഞ്ചവാദ്യം, വിശേഷാൽ ദീപാരാധന, രാത്രി എട്ടി ന് തെയ്യം തിറയാടൽ, രാത്രി 11 ന് പൂത്തിരി മേള
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പാലോട്: പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൂരത്തോടനുബന്നിച്ച് ഇന്ന് ഉച്ചക്ക് മൂന്നു മുതൽ നന്ദിയോട് എൽപിസ്കൂൾ ജംഗ്ഷൻ മുതൽ ക്ഷേത്രം വരെ വാഹനങ്ങൾ കടത്തിവിടുന്നതല്ല. ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയം, പയറ്റടി ടാർ പ്ലാന്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ക്ഷേത്രം ഓട്ടുപാലം, പച്ച ജംഗ്ഷൻ റോഡിൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ലന്നും പാലോട് സിഐ പി.ഷാജിമോൻ അറിയിച്ചു.