തൊഴിൽ മേഖലകളെ അടുത്തറിയാൻ ലയോള സ്കൂളിന്റെ എക്സ്റ്റേണ്ഷിപ്പ്
1282682
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം: വിവിധ തൊഴിൽ മേഖലകളുടെ പ്രവർത്തനം പരിചയപ്പെടാൻ ഇന്ത്യയിലാദ്യമായി സ്കൂൾ വിദ്യാർഥികൾക്കുള്ള എക്സ്റ്റേണ്ഷിപ്പ് പരിപാടിയുമായി തിരുവനന്തപുരം ലയോള സ്കൂൾ. തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രൊഫഷണലുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് കരിയർ രൂപപ്പെടുത്തുന്നതിനും സ്വപ്നജോലി തെരഞ്ഞെടുക്കുന്നതിനുമുള്ള ആത്മവിശ്വാസം നൽകുകയാണ് എക്സ്റ്റേണ്ഷിപ്പ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ലയോള സ്കൂളിലെ 10, 11 ക്ലാസ് വിദ്യാർഥികളാണ് ഇതിൽ ഭാഗമാകുന്നത്. ഏപ്രിൽ മൂന്നു മുതലാണ് വിദ്യാർഥികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്. മെഡിസിൻ, എൻജിനീയറിംഗ്, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്മ്യൂണിക്കേഷൻ/മീഡിയ, മാനുഫാക്ച്വറിംഗ്, എക്സ്പോർട്സ്, കൃഷി, നിയമ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയവയിലാണ് പരിശീലനം. ലയോള ഓൾഡ് ബോയ്സ് അസോസിയേഷൻ (എൽഒബിഎ) ആണ് എക്സ്റ്റേണ്ഷിപ്പ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.വ്യത്യസ്ത തൊഴിൽ മേഖലകളെ പരിചയപ്പെടുന്നത് വിദ്യാർഥികൾക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട ധാരണ ലഭിക്കാനും അതത് മേഖലയിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭിക്കാനും സഹായകമാകുമെന്ന് എൽഒബിഎ പ്രസിഡന്റ് രഞ്ജിത് രവീന്ദ്രൻ പറഞ്ഞു.