പോലീസിനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു
1282679
Thursday, March 30, 2023 11:11 PM IST
വിഴിഞ്ഞം: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സനൽ കുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലിന് പൊട്ടലേറ്റ സനൽ കുമാറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ബുധനാഴ്ച രാത്രി എട്ടിന് വിഴിഞ്ഞം ചൊവ്വര ജംഗഷനിലായിരുന്നു സംഭവം.
ഒരു വർഷം മുൻപ് പുല്ലുവിള സ്വദേശിയായ ടെന്നു എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗസംഘത്തിലെ പ്രധാനിയായ അടിമലത്തുറ സ്വദേശി അജയ് (26) നെ പിടികൂടാനാണ് കാഞ്ഞിരംകുളം എസ്ഐ ഉൾപ്പെട്ട സംഘമെത്തിയത്.
ചൊവ്വ രജംഗഷനിൽ മഫ്തിയിൽ നിന്നിരുന്ന സനൽകുമാറും സഹപ്രവർത്തകനായ ഷരണും സംശയകരമായി കണ്ട കാറിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിമലത്തുറ റോഡിലേക്ക് ഓടിച്ച് പോയ കാറിന് മാർഗ തടസം സൃഷ്ടിച്ച് പോലീസ് നിർത്തിയിട്ടിരുന്ന മറ്റൊരു കാർ കാരണം പ്രതിക്ക് മുന്നോട്ട് പോകാനായില്ല. ഇതിനിടയിൽ പിന്നാലെയെത്തിയ ഷരണും സനൽ കുമാറും പ്രതിയുടെ കാറിന് പിന്നിലായി ബൈക്ക് വച്ചശേഷം കാറിന്റെ ഡോർ തുറന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. പോലീസിനെ കണ്ട പ്രതി അവരെ തള്ളിയിട്ടശേഷം കാർ പിന്നിലേക്കെടുത്ത് പോയി.
വിവരമറിഞ്ഞ് മറ്റ് സ്ഥലങ്ങളിൽ കാത്ത് നിന്ന കൂടുതൽ പോലീസ് എത്തുന്നതിനിടയിൽ പ്രതി രക്ഷപ്പെട്ടു. സംഭവശേഷം ടവർ ലൊക്കേഷൻ നോക്കി രാത്രിയിൽ പോലീസ് നടത്തിയ പരിശോധനയിലും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിഴിഞ്ഞം പോലീസ് സനൽ കുമാറിന്റെ മൊഴിയെടുത്തു. കഞ്ചാവ് മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അജയ് എന്ന് പോലീസ് പറഞ്ഞു.