അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം നല്കാന് ഒആര്‍ഡിഐ
1281950
Wednesday, March 29, 2023 12:19 AM IST
തിരുവനന്തപുരം: ഇന്ത്യയില്‍ അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഓര്ഗനൈസേഷന് ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഒആര്‍ഡിഐ) യുടെ റേസ് ഫോര്‍ 7 എട്ടാം പതിപ്പ് നടന്നു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിള്‍ സവാരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യസേവനദാതാക്കള്‍, നയരൂപകര്‍ത്താക്കള്‍, രോഗീസംഘടനകള് എന്നിവര്‍ക്കിടയിലും അപൂര്വരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്നു കാമ്പയിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് എംഡി ഡോ. വി.എച്ച്.ശങ്കര്‍ പറഞ്ഞു. അപൂര്‍വ രോഗങ്ങള്‍ ബാധിച്ച 70 ദശലക്ഷം ആളുകള്‍ക്ക് ചികിത്സകള്‍ ലഭ്യമാക്കുന്നതിലും ജീവിത നിലവാരം ഉയര്ത്തുന്നതിലുമാണു ശ്രദ്ധയൂന്നുന്നതെന്ന് ഒആര്ഡിഐയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രസന്നകുമാര്‍ ഷിറോള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 120 രോഗികള്‍ക്കു ചികിത്സ ലഭിക്കുന്നുണ്ട്. ചികിത്സ, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, മരുന്നു കണ്ടെത്തല്‍, മരുന്നു വികസനം, ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍, നോണ്‍മെഡിക്കല്‍ സഹായത്തിനുള്ള പണം കണ്ടെത്തല്‍, തുടര്‍ ചികിത്സകള്‍, സ്പെഷല്‍ എഡ്യുക്കേഷന്‍, അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പരിചരണം നല്കല്, ജീവിതനിലവാരം വർധിപ്പിക്കല്‍ എന്നിവയുടെ തലങ്ങളില്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.