നന്ദിയോട് പച്ച ഗവ. എൽപിഎസ് 130-ാം വർഷത്തിലേക്ക്
1281355
Sunday, March 26, 2023 11:05 PM IST
പാലോട് : നന്ദിയോട് പച്ച ഗവ. എൽപിഎസ് 130-ാംവയസിലേക്ക് കടക്കുന്നു. പൊതുവിദ്യാഭ്യാസ ഇടങ്ങൾ വ്യാപകമാക്കാൻ തിരുവിതാംകൂർ ഭരണാധികാരികൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രാദേശിക ഭാഷ സ്കൂളുകളിൽപ്പെട്ടതാണ് 1894ൽ സ്ഥാപിതമായ പച്ച ഗവ. എൽപിഎസ്. ആദ്യം പ്രാദേശിക സ്കൂൾളെന്നും പിന്നീട് ലോവർ പ്രൈമറി സ്കൂളെന്നും അറിയപ്പെടാൻ തുടങ്ങി. പാലോട് ചാവടിയിലാണ് തുടക്കത്തിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് നന്ദിയോട് ചെല്ലാങ്കോട് കറുവേലി വീട്ടിൽ കാളിപ്പിള്ള രാമൻപിള്ളയും നന്ദിയോട് കുഞ്ചേന രാമനും ചേർന്ന് ദാനമായി നൽകിയ നന്ദിയോട്ടെ ഭൂമിയിലേക്ക് 1898ൽ മാറി. കാലാന്തരത്തിൽ തൊട്ടടുത്തുള്ള ഭൂമിയും സ്കൂൾ വികസനത്തിന്റെ ഭാഗമായി വിലക്കുവാങ്ങിച്ചേർത്തു. സുന്ദരയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 130 -ാം വാർഷികാഘോഷം 30, 31 തീയതികളിൽ നടക്കും. ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും.