തലേക്കുന്നിൽ ഒന്നാമത് ഓർമ്മ ദിനത്തിൽ അഗതികൾക്കൊപ്പം സമ്മോഹനം
1280956
Saturday, March 25, 2023 11:15 PM IST
തിരുവനന്തപുരം: പതിനെട്ടിനും അറുപതിനുമിടയിൽ പ്രായക്കാരായ അറുപതിൽപ്പരം സ്ത്രീകൾ... സ്ത്രീ ജന്മങ്ങൾ... ദൈവത്തിന്റെ പുത്രിമാർ.. സംസാരശേഷിയില്ലാത്തവർ... ബുദ്ധിമാന്ദ്യം സംഭവിച്ചവർ... വികലാംഗർ... എഴുന്നേൽക്കാനാവാതെ തറയിൽ ഇഴയുന്നവർ.... ഒന്നനങ്ങാൻ പോലുമാവാതെ കട്ടിലിൽ ഒരേ കിടപ്പു കിടക്കുന്നവർ... കാട്ടാക്കട കിള്ളി പ്രോവിഡൻസ് ഹോം ഓർഫനേജിലെ കാഴ്ചകൾ.. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഈ അനാഥ മന്ദിരത്തിന്റെ നടത്തിപ്പുകാരായ ഏഴു കന്യാസ്ത്രീകൾ അക്ഷരാർഥത്തിൽ മാലാഖമാർ തന്നെയാണ്. ഉറ്റവരും ഉടയവരും ഇല്ലാത്ത, സന്യാസിനീ സമൂഹത്തിന്റെ തണലിലും പരിചരണങ്ങളിലും സന്തോഷത്തോടെ ജീവിതം നയിക്കുന്ന ഈ അനാഥ സഹോദരിമാരെ കാണാൻ ശനിയാഴ്ച സമ്മോഹനം എത്തി.
കോണ്ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഒന്നാമത് ഓർമദിനമായിരുന്ന ശനിയാഴ്ചത്തെ പ്രാതൽ അവർക്ക് സമ്മോഹനം വകയായിരുന്നു . സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി, ജനറൽ കണ്വീനർ പിരപ്പൻകോട് സുഭാഷ്, കാട്ടാക്കട എസ്. സുബ്രഹ്മണ്യൻ, സജീവ് മേലതിൽ, ബി.രാജൻ, രവി ശ്രീധർ, എം.ആർ.ബൈജു,വി.എസ്. അജിത് കുമാർ എന്നിവരായിരുന്നു സംഘത്തിൽ.