സന്പൂർണ ഭവന നിർമാണ പദ്ധതിക്ക് എട്ടു കോടി
1280017
Wednesday, March 22, 2023 11:54 PM IST
കിളിമാനൂർ : സമ്പൂർണ പാർപ്പിട പദ്ധതിക്കും ആരോഗ്യ മേഖലയ്ക്കും കുടിവെള്ള പദ്ധതിക്കും ഊന്നൽ നൽകി പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് . പഞ്ചായത്ത് ഹാളിൽ നടത്തിയ ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. 51,29,89,215 രൂപ വരവും 50,78,29,608 രൂപ ചെലവും , 51,59,607 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷീബ അവതരിപ്പിച്ചു.
ഉത്പാദന മേഖലയ്ക്ക് 75,60,000 രൂപയുടെയും സേവന മേഖലയ്ക്ക് 22,61,89,600 രൂപയുടെയും, പശ്ചാത്തല മേഖലയ്ക്കു 10,90,48,500 രൂപയുടെയും പദ്ധതികൾ വിഭാവന ചെയ്യുന്നു. വനിതാ ക്ഷേമ പരിപാടികൾക്കായി 24,61,000 രൂപയും, വയോജന ക്ഷേമത്തിനായി 12,53,700 രൂപയും, ശിശുക്ഷേമ പദ്ധതികൾക്കായി 22,69,750 രൂപയും , സാമൂഹ്യ സുരക്ഷിതത്വ പരിപാടികൾക്കായി 39,36,000 രൂപയും, പട്ടികജാതി വികസനത്തിനായി 81,40,000 രൂപയും നീക്കിവച്ചിട്ടുണ്ട്. സമ്പൂർണ ഭവന നിർമാണത്തിനായി എട്ടു കോടി രൂപയും, കുടിവെള്ള പദ്ധതിക്കായി രണ്ടു കോടി രൂപയും, സ്റ്റേഡിയം നിർമിക്കാനായി 50 ലക്ഷം രൂപയും, അടയമൺ എൽപി സ്കൂളിൽ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും, ബൈപാസ് നിർമാണത്തിന് 10 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.