തെക്കൻ കുരിശുമലയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
1279738
Tuesday, March 21, 2023 11:05 PM IST
വെള്ളറട : തീർഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 66-ാമത് മഹാതീർത്ഥാടനത്തിന്റെ മൂന്നാം ദിനത്തിൽ വിശ്വാസികളുടെ ഭക്തി സാന്ദ്രമായ ഒഴുക്ക്. വേനൽ ചൂട് കാരണം വെളുപ്പിന് നാലു മുതൽ തന്നെ മലകയറാൻ നാടിന്റെ പലഭാഗത്തുനിന്നും തീർഥാടകർ എത്തി. സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും വിവിധ ശുശ്രൂഷകൾ നടന്നു.സംഗമവേദിയിൽ രാവിലെ ആറിന് പ്രഭാത വന്ദനവും സങ്കീർത്തനപാരായണവും നടന്നു.
ഏഴിന് ഫാ. ഷാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രഭാത ദിവ്യബലി നടന്നു. 10 ന് തമിഴ്ക്രമത്തിൽ നടന്ന ദിവ്യബലിയ്ക്ക് ഫാ.എം.ആർ.ആൻഡ്രൂസ്, ഫാ.എസ്.തോമസ് എന്നിവർ കാർമികരായി. ആരാധനാ ചാപ്പലിൽ രാവിലെ ആറിന് ദിവ്യകാരുണ്യാശീർവാദവും ദിവ്യബലിയും നടന്നു. ഡോ.അലോഷ്യസ് സത്യനേശൻ കാർമികത്വം വഹിച്ചു. 10 നിത്യജീവിതാനുഭവ ആരാധനയും ദിവ്യബലിക്കും ഫാ.രാഹുൽ ബി.ആന്റോ നേതൃത്വം നൽകി.
കുരിശുമലയുടെ സന്നിധിയായ നെറുകയിൽ രാവിലെ എട്ടിന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ഡയറക്ടർ മോണ്‍. വിൻസന്റ് കെ.പീറ്റർ മുഖ്യകാർമികത്വം വഹിച്ചു. ഫാ.അജീഷ് ക്രിസ്തു, ഫാ.സാവിയോ ഫ്രാൻസിസ്, ഫാ.ജസ്റ്റിൻ ഫ്രാൻസിസ് എന്നിവർ സഹകാർമികരായി. 5.30 ന് ഫാ.സാജൻ ആന്റണി നേതൃത്വം നൽകിയ ദിവ്യബലിയും നടന്നു. മൂന്നിന് നെറുകയിലും സംഗമവേദിയിലും, ആരാധനാ ചാപ്പലിലും കുരിശിന്റെ വഴി നടന്നു. 3.30 ന് സംഗമവേദിയിൽ സിഎസ്ഐ കുരിശുമല നേതൃത്വം നൽകിയ പ്രാർഥനാ ശുശ്രൂഷയ്ക്ക് റവ.എ.ഒ.അഖിൽ സന്ദേശം നൽകി.
4.30 ന് ആഘോഷമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാർമികനായി. ആറിന് ഫാ.മാനുവൽ കരിപ്പോട്ട് നയിച്ച വചനാനുഭവധ്യാനം നടന്നു. 8.30 ന് കരിസ്മാറ്റിക് കമ്മീഷൻ നയിച്ച ജാഗരണ പ്രാർഥന ആരാധനാചാപ്പലിൽ നടന്നു. തീർഥാടനത്തിന്റെ മൂന്നാം ദിനവും വിവിധ സംഘടകളും, ഇടവകകളും കുരിശുമലയിലേയ്ക്ക് വലിയ മരക്കുരിശുകളും ചുമന്ന്കൊണ്ട് കുരിശിന്റെ വഴിയും, ജപമാല റാലികളും നടത്തി.
മുള്ളിലവുവിള ഇടവക നടത്തിയ കുരിശിന്റെ വഴിയ്ക്ക് ഇടവക വികാരി ഫാ.ജിബിൻദാസും കെസിവൈഎം ഭാരവാഹികളും നേതൃത്വം നൽകി. ഉണ്ടൻകോട് ഇടവക ജീസസ് യൂത്ത് സംഗമവേദിയിൽ സംഘടിപ്പിച്ച തെയ്സ പ്രാർഥനയ്ക്ക് ജിഷ, സജി, ഏഞ്ചൽമേരി എന്നിവർ നേതൃത്വം നൽകി.