വികസനം മുരടിച്ച് വിഴിഞ്ഞം മാതൃതുറമുഖം
1279731
Tuesday, March 21, 2023 11:05 PM IST
വിഴിഞ്ഞം: പുതിയ പദ്ധതികളില്ലാതെ വികസനം മുരടിച്ച് വിഴിഞ്ഞം മാതൃതുറമുഖം. പുതിയ അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതോടെ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തിന്റെ കാര്യം കൂടുതൽ പരിങ്ങലിലാകുമെന്ന് നാട്ടുകാർ പറയുന്നു.ഒാഗസ്റ്റിൽ അദാനി തുറമുഖത്ത് കപ്പലടുക്കുമെന്ന് പ്രഖ്യാപിച്ച അധികൃതർ ക്രൂ ചേഞ്ചിംഗ് ഉൾപ്പെടെ മാതൃ തുറമുഖത്ത് നിന്ന് നിർത്തലാക്കിയ പദ്ധതികൾ തിരിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
ഐഎസ്പിഎസ് കോഡിന്റെ പേരിൽ ഇമിഗ്രേഷനും മറ്റ് കേന്ദ്രഏജൻസികളും തടസവാദങ്ങൾ ഉന്നയിക്കുമ്പോഴും കോഡിന് വേണ്ടി വർഷങ്ങളായുള്ള ശ്രമങ്ങൾ തുടരുന്നതായി അധികൃതർ പറയുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സുരക്ഷയുടെ പേരിൽ മാലിയിലേക്കുള്ള ചരക്കുഗതാഗതം ഉൾപ്പെടെ എല്ലാ വിധ പദ്ധതികളും നിലച്ചതോടെ തുറമുഖത്തിന്റെ വരുമാനവും കുത്തനെ ഇടിഞ്ഞു.
ചരക്കുകപ്പലിലെ ജീവനക്കാരെ ഇറക്കാനും കയറ്റാനുമായി വിഴിഞ്ഞത്ത് തുടങ്ങിയ ക്രൂ ചേഞ്ചിംഗ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ കോടികൾ വരുമാനമായി ലഭിച്ചിരുന്ന പദ്ധതി മുന്നറിയിപ്പില്ലാതെ കേന്ദ്ര സർക്കാർ നിർത്തലാക്കിയതാണ് വിഴിഞ്ഞത്തിന് തിരിച്ചടിയായത്. എന്നാൽ അത് നിർത്തലാക്കി ഒരു വർഷം കഴിയുമ്പോഴും തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഫയലിൽ മാത്രമാണ്.പരിശോധനക്കായി സ്കാനറും സുരക്ഷയില്ലെന്ന വിലയിരുത്തലും വർഷങ്ങളായി തുടർന്ന കയറ്റിറക്ക് ഇല്ലാതാക്കി. തകരാറ് പരിഹരിച്ച് കൂടുതൽ ചരക്ക്കപ്പൽ അടുപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും ഉന്നതാധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതേ നില തുടർന്നാൽ അന്താരാഷ്ട്ര തുറമുഖ പ്രവർത്തനം പൂർണ തോതിൽ എത്തുന്നത് മാതൃ തുറമുഖത്തെ സാരമായി ബാധിക്കുമെന്ന് ആരോപണമുണ്ട്.