തട്ടിപ്പിനിരയായ യുവാവിന്റെ മരണം; മൃതദേഹം സംസ്കരിച്ചു
1279502
Monday, March 20, 2023 11:57 PM IST
പോത്തൻകോട്: സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ പോത്തൻകോട് വാവറഅമ്പലം മംഗലത്തുനട ശാസ് താക്ഷേത്രത്തിനു സമീപം രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻനായർ - രമാദേവി ദമ്പതികളുടെ മകൻ രജിത്തി(38)ന്റെ മൃതദേഹം സംസ്കരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ മൃതദേഹ പരിശോധനയ്ക്കുശേഷം 12. 30ന് മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രജിത്തിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ രജിത്തിനും ഭാര്യരേവതിയ്ക്കും ജോലിക്കായി ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രഡീഷണൽ ഫുഡ് പ്രോസസിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായ സജിത്തിന് എട്ടുലക്ഷം രൂപ രജിത്ത് നൽകിയിരുന്നു. നാലു മാസം ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സഹകരണ സംഘത്തിൽ ഇവർ ജോലി ചെയ്തിരുന്നെങ്കിലും ഒരു മാസത്തെ ശന്പളമാണ് ഇവർക്ക് നൽകിയത്. തുടർന്ന് ഇവർ ജോലി മതിയാക്കുകയിരുന്നു. പണം തിരികെ കിട്ടാനായി സജിത്തിനെ നിരവധി ബന്ധപ്പെട്ടെങ്കിലും തുക ലഭിച്ചില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ രജിത്ത് കഴിഞ്ഞദിവസം വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.