വഴിത്തർക്കത്തിനിടെ വയോധികനു വെട്ടേറ്റു
1279493
Monday, March 20, 2023 11:57 PM IST
വിഴിഞ്ഞം: വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനു വെട്ടേറ്റു.
സൈക്കിളിൽ പോകുകയായിരുന്ന വയോധികനെ ബൈക്കിൽ എത്തിയ യുവാവ് വെട്ടിവീഴ്ത്തി കടന്നുകളഞ്ഞു. ഇന്നലെ വൈകുന്നേരം ഉച്ചക്കട പയറ്റുവിള റോഡിൽ നടന്ന സംഭവത്തിൽ പയറ്റുവിള സ്വദേശി സുരേന്ദ്ര(71)നാണ് വെട്ടേറ്റത്. സുരേന്ദ്രന്റെ ഇടുപ്പിലും പിൻഭാഗത്തും കൈയിലും സാരമായി വെട്ടേറ്റു. സംഭവത്തോടനുബന്ധിച്ച് അയൽവാസി ബിജു(40)വിനെ തിരയുന്നതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. വെട്ടേറ്റുവീണ സുരേന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്നു പോലീസ് പറഞ്ഞു.
വാൾ പോലുള്ള ആയുധമാണ് ആക്രമണത്തിനു ഉപയോഗിച്ചതെന്നും കരുതുന്നു. ശരീരത്തിലേറ്റ മൂന്നു വെട്ടുകളും മാരകമല്ലെന്നും പോലീസ് അറിയിച്ചു. വഴി തർക്കത്തിന്റെ പേരിൽ നേരത്തെയും ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെതിരെ വിഴിഞ്ഞം പോലിസിൽ കേസും നിലവിലുണ്ട്.