മ്യൂസിയം പരിസരത്ത് പിങ്ക് പോലീസ് 24 മണിക്കൂറും പട്രോളിംഗ് നടത്തും
1265180
Sunday, February 5, 2023 10:52 PM IST
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് സ്ത്രീകൾക്ക് നേരെ പതിവായി ആക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ മ്യൂസിയം പരിസരത്ത് പിങ്ക് പോലീസിന്റെ 24 മണിക്കൂർ പട്രോളിംഗ് ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു.സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിർഭയ ആപ്പ് എല്ലാ വനിതകളും അവരവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. അക്രമ സംഭവങ്ങൾ ഉണ്ടാകുന്പോൾ ആപ്പ് വഴി വിവരം പോലീസിനെ അതിവേഗം അറിയിക്കാൻ കഴിയും.
ഉടൻ തന്നെ പോലീസ് വാഹനം സ്ഥലത്തെത്തും. ആപ്പ് ഉപയോഗിക്കേണ്ട രീതി വനിതകളെ പഠിപ്പിക്കുന്നതിനായി പത്തിടങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കുകയും വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. യാത്രക്കാരായ സ്ത്രീകൾക്ക് ഈ ഉദ്യോഗസ്ഥർ ആപ്പ് ഉപയോഗം സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകും. മ്യൂസിയം അക്രമത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്മീഷണർ അറിയിച്ചു. 15 ന് മുൻപായി റസിഡന്റ്സ് അസോസിയേഷനുകളുടെ മീറ്റിംഗ് നടത്തും. പോലീസ് നിരീക്ഷണം വ്യാപിക്കുന്നതിനും കുടുതൽ ശക്തമാക്കുന്നതിനുമായാണ് ഇത്. യോഗത്തിൽ പോലീസിന്റെ വിവിധ പൊതുജന സുരക്ഷാ പദ്ധതികൾ പ്രഖ്യാപിക്കും. കിടപ്പു രോഗികളായ അളുകൾക്കെതിരേ ആക്രമ സംഭവങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രശാന്തി എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി സേവന തൽപരരായ യുവാക്കളെ വോളന്റിയർമാരായി ഉൾപ്പെടുത്തും. ഇവർ നിശ്ചിത ഇടവേളകളിൽ കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ വൈറ്റ് കാർപ്പെറ്റ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കി വരുകയാണ്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾ അതിന്റെ ചിത്രം 9497930005 എന്ന വാട്സാപ്പ് നന്പരിലേക്ക് അയച്ചു നൽകണമെന്നും കമ്മീഷണർ അഭ്യർഥിച്ചു.