ഞാൻ എന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നു: ടി. പദ്മനാഭൻ
1264929
Saturday, February 4, 2023 11:35 PM IST
സ്വന്തം ലേഖിക
തിരുവനന്തപുരം: മാറുന്ന കാലത്തിനു അനുസരിച്ച് തന്റെ വിശ്വാസങ്ങളും മൂല്യബോധവും മാറ്റി മാറ്റി കൊണ്ടു പോകാറില്ലെന്ന് മലയാളത്തിന്റ കഥായൗവനം ടി. പദ്മനാഭൻ.സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഇന്നലെ സംഘടിപ്പിച്ച ടി. പദ്മനാഭനു സ്നേഹാദരങ്ങളോടെ എന്ന പരിപാടിയിലും ടി. പദ്മനാഭന്റെ കഥാ പ്രപഞ്ചം എന്ന സെമിനാറിലും പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി. പദ്മനാഭന്റെ കഥയെഴുത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു സ്നേഹാദരവ്.
പതിനെട്ടാമത്തെ വയസിൽ എഴുതിതുടങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ 94 വയസായി. എന്റെ വിശ്വാസങ്ങളും മൂല്യബോധവും എന്റെ എഴുത്തിന്റെ തുടക്കക്കാലം മുതൽ ഉള്ളതാണ്. കാലം മാറുന്നതനുസരിച്ച് അവ മാറ്റിയിട്ടില്ല - ടി. പദ്മനാഭൻ പറഞ്ഞു.എന്റെതായ വഴികളിലൂടെ എന്നും സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ഞാൻ.കഥാഗതിയ്ക്കനുസൃതമായി മാറ്റങ്ങൾ സംഭവിക്കാം. എന്നാൽ സത്യം, ധർമം, ദയ, സഹാനുഭൂതി എന്നിവ എല്ലാ കാലത്തേയ്ക്കും ഉള്ളതാണ്. ശാശ്വതമായ മൂല്യങ്ങളെ മുറുകെ പിടിച്ചാണ് ഞാനിത്രകാലവും ജീവിച്ചത്. ഇനിയും ജീവിതം ബാക്കിയുണ്ടെങ്കിൽ ഇതുപോലെ തന്നെ ജീവിക്കും."അടിച്ചു പൊളിക്കൽ 'ആണ് ജീവിതം എന്ന തരത്തിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. സാഹിത്യ സദസുകളിൽ വരെ അടിച്ചു പൊളിക്കൂ എന്നുള്ള ഉദ്ബോധനം ഉയർന്ന വരുന്നുണ്ട്.
എന്നാൽ അടിച്ചുപൊളിക്കൽ അല്ല ജീവിതം.എന്റെ കഥാസമാഹാരങ്ങൾക്കു ആരെക്കൊണ്ടും ഇതുവരെ അവതാരിക എഴുതിച്ചിട്ടില്ല. സ്വന്തമായി മുഖവുരയും എഴുതിയിട്ടില്ല. അവതാരികയായാലും മുഖവുരയായാലും നല്ലത് മാത്രമല്ലെ ആളുകൾക്ക് എഴുതുകയുള്ളൂ. അതുകൊണ്ട് തന്നെ യഥാർഥമായ ഒരു അവലോകനം ലഭിക്കില്ല- ടി.പദ്മനാഭൻ പറഞ്ഞു. ഒരാൾ മോശമായ വിലയിരുത്തൽ നടത്തിയാൽ ആ അവതാരിക ആരും അച്ചടിക്കുകയുമില്ലഅതിനാൽ ഒരു കൃതി തന്നെ ആ കൃതിയ്ക്കുവേണ്ടി സംസാരിക്കട്ടെ എന്ന് ഞാൻ പറയും. "ലെറ്റ് ദി വർക്ക് സ്പീക്ക് ഫോർ ഇറ്റ് സെൽഫ്'. എന്റെ കഥകൾ വായിച്ചിട്ട് വായനക്കാർ ഒരു തീരുമാനത്തിൽ എത്തട്ടെ എന്നതാണ് എന്റെ ചിന്ത.
എന്റെ പുസ്കതങ്ങളുടെ ആദ്യം കാവ്യശകലങ്ങൾ ചേർക്കാറുണ്ട്.
ഒരു പുസ്തകത്തിന്റെ മുൻപേജിൽ സുഗതകുമാരിയുടെ "സമാന ഹൃദയാ നിനക്കായി പാടും ഞാൻ' എന്ന വരികൾ ചേർത്തിട്ടുണ്ട്. തീർച്ചയായും എന്റെ രചനകൾ സമാന ഹൃദയർക്കുവേണ്ടിയുള്ളത് തന്നെയാണ്. ഇടശേരിയുടെ കവിതയുടെ വരികളും മറ്റൊരു പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.ക്ഷമ തീരെയില്ലാത്തത് കൊണ്ടാണ് നോവൽ എഴുതാതെ കഥയെഴുത്തിൽ മാത്രം ഉറച്ചു നൽകുന്നതെന്ന് വായനക്കാരുമായുള്ള സംവാദത്തിനിടയിൽ ടി. പദ്മനഭാരൻ വ്യക്തമാക്കി.മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.റഹിം പങ്കെടുത്തു. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന ടി. പദ്മനാഭനു ഉപഹാരം നൽകി ആദരിച്ചു. ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു. അശോകൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിന്റെ ഉദ്ഘാടനം ലൈബ്രറി ഉപദേശകസമിതി അംഗം പ്രഫ. വി.എൻ. മുരളി നിർവഹിച്ചു. ഡോ.സ്വപ്ന ശ്രീനിവാസൻ, കവി തിരുമല ശിവൻകുട്ടി, സി.റഹിം, ഡോ.ആശ നജീബ് എന്നിവർ പങ്കെടുത്തു.