ആംബർഗ്രീസിന് സമാനമായ വസ്തു വനംവകുപ്പിന് കൈമാറി
1264358
Thursday, February 2, 2023 11:41 PM IST
വിഴിഞ്ഞം: ആംബർഗ്രീസിന് സമാനമായ വസ്തു കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് ഇത്തരം വസ്തു കിട്ടുന്നതെന്ന് അധികൃതർ.
മുന്പ് രണ്ടുതവണ ലഭിച്ച വസ്തു ആംബർ ഗ്രീസല്ലെന്ന് തെളിഞ്ഞെങ്കിലും ഒരെണ്ണത്തിന്റെ കാര്യത്തിൽ കൃത്യത വരുത്താൻ ലാബുകാർക്കുമായിട്ടില്ല. വെട്ടുകാട് ഭാഗത്തെ മത്സ്യത്തൊഴിലാളികൾക്കാണ് ഇന്നലെ നാല് കിലോയോളം വലുപ്പമുള്ള അജ്ഞാതവസ്തു കിട്ടിയത്. വിഴിഞ്ഞത്തു നിന്ന് തീരദേശ പോലീസ് എത്തി പാലോട് ഫോറസ്റ്റ് റേഞ്ച് വിഭാഗത്തിന് കൈമാറി. ഏറെ ദുർഗന്ധം വമിക്കുന്ന തരത്തിൽ കരയിൽ എത്തിച്ച വസ്തുവിനെ അധികൃതർ പരിശോധനക്കയച്ചു.
ആംബർ ഗ്രീസിന്അമിത വിലയുണ്ടെന്ന പ്രചരണമാണ് കടലിൽ ഒഴുകി നടക്കുന്ന വസ്തുക്കളെ കരയിൽ എത്തിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നത്. ഒരു വർഷം മുൻപ് കോവളം ബീച്ചിൽ അടിഞ്ഞ അറുപത് കിലോയോളം തൂക്കം വരുന്ന വസ്തു ലഭിച്ചതോടെയാണ് ഇതിന്റെ വിലയെക്കുറിച്ച് ജനമറിയുന്നത്. പാരിപ്പള്ളിയിലെ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ വസ്തുവിന്റെ സാമ്പിൾ രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിൽ പരിശോധനക്കയച്ചിരുന്നു.
എന്നാൽ ആംബർഗ്രീസല്ലെന്ന ഫലംവന്നെങ്കിലും ഏത് ജീവിയുടെതെന്ന് തെളിയിക്കാൻ ലാബുകാർക്കുമാകാത്തത് അധികൃതർക്കും തിരിച്ചടിയായി. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ വസ്തുവിനെ മറവു ചെയ്യാനും ഇതുവരെയും ആയിട്ടില്ല. ഇതിനിടയിലാണ് കടലിൽ ഒഴുകി നടക്കുകയായിരുന്ന വസ്തുവിനെ ആംബർ ഗ്രീസ് എന്ന പേരിൽ വീണ്ടും കരക്കെത്തിച്ചത്. ആറ് മാസം മുൻപ് വിഴിഞ്ഞത്ത് നിന്ന് കിട്ടിയ വസ്തുവിന് വിപണി വിലക്കനുസരിച്ചുള്ള പാരിതോഷികം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളിൽ ചിലർ എത്തിയിരുന്നു. എന്നാൽ പരിശോധനാ ഫലം വിപരീതമായതോടെ അധികൃതർതന്നെമറവ് ചെയ്തു.